khadhi

പത്തനംതിട്ട : വർഷങ്ങളായി നഷ്ടത്തിലോടുന്ന ഖാദി വ്യവസായം സീസണിൽ മാത്രമാണ് കരതൊടുന്നത്. ബാക്കിയുള്ളപ്പോൾ വലിയ പ്രതിസന്ധിയാണ്. ലാഭം നോക്കാതെ തൊഴിലാളികൾക്ക് ജോലി മാത്രം ലക്ഷ്യം വച്ചാണ് ഖാദിയുടെ തുടക്കം. ഇപ്പോഴും ഇതേ പാതയിൽ തന്നെയാണ് ഖാദി. സ്ഥിര ജീവനക്കാർ കുറവാണെങ്കിലും മറ്റ് ഉൽപാദന യൂണിറ്റിലെല്ലാം ദിവസവേതനത്തിന് നിരവധി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. വ്യവസായത്തിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഇവർക്ക് എഴുത്തഞ്ച് ശതമാനം കൂലിയും നൽകുന്നത്. സർക്കാർ നേരിട്ട് നൽകുന്നതാണ് ഇരുപത്തഞ്ച് ശതമാനം.

ഓണക്കൊയ്ത്തിൽ ശ്വാസം വിടാം

എല്ലാ വിശേഷ ദിവസങ്ങളിലും ഖാദി , കൈത്തറി വസ്ത്രങ്ങളുടെ മേള സംഘടിപ്പിക്കാറുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ലാഭം നേടുന്നത് ഓണം സീസണിലാണ്. 2021ലെ ഓണക്കാലത്ത് മാത്രം 54 ലക്ഷമായിരുന്ന വരുമാനം. 2022ലെ ഓണക്കാലത്ത് 1.8 കോടിയായി ഉയർന്നു. 2023 ൽ 1.13 കോടിയായിരുന്നു വരുമാനം. ക്രിസ്മസ്, പുതുവത്സരദിനങ്ങളിലും മറ്റ് വിശേഷ ദിനങ്ങളിലും വിലക്കുറവിൽ (റിബേറ്റ്) ഖാദിമേളകൾ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കാറുണ്ടെങ്കിലും കൂടുതൽ വരുമാനം ഓണക്കാലത്താണ്. മുമ്പേ ബുദ്ധിമുട്ടിലായിരുന്ന ഖാദി മേഖല പ്രളയവും കൊവിഡും കാരണം തുടർച്ചയായി വീണ്ടും പ്രതിസന്ധിയിലായിരുന്നു. ജില്ലയിൽ നിരവധി പേർ ഖാദി, കൈത്തറി മേഖലകളെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്.

ഖാദി, കൈത്തറിയുടെ പതിമൂന്ന് യൂണിറ്റുകൾ

ജില്ലയിൽ പ്രവർത്തിക്കുന്നു.

ഉത്തരവുണ്ടായിട്ടും ഖാദി ധരിച്ചില്ല

പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സർക്കാർ ഉദ്യോഗസ്ഥർ ഖാദി, കൈത്തറി വസ്ത്രങ്ങൾ ആഴ്ചയിൽ ഒരുദിവസമെങ്കിലും ധരിക്കണമെന്നാണ് 2009ലെ സർക്കാർ ഉത്തരവിൽ ഉണ്ടായിരുന്നത്. ഖാദി മേഖലയിലെ പ്രതിസന്ധി കാരണം 2006 ഡിസംബർ 30നാണ് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും 2007ന്റെ തുടക്കം മുതൽ ഖാദിവസ്ത്രം ധരിക്കണമെന്ന് സർക്കാർ ഉത്തരവിട്ടത്. 2007ന് ശേഷം 2009, 2012 വർഷങ്ങളിൽ ഇതേ ഉത്തരവ് വീണ്ടും വന്നു. എന്നിട്ടും നടപ്പായില്ല. വിശേഷദിവസങ്ങളിൽ മാത്രമല്ല ശനി, ഞായർ ദിവസങ്ങളിലും ഖാദി, കൈത്തറി വസ്ത്രങ്ങൾ ധരിക്കണമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.

2012 ൽ അദ്ധ്യാപകരെ കൂടി ഉൾപ്പെടുത്തി ബുധനാഴ്ചകളിൽ ഖാദി ധരിക്കണമെന്ന് ഉത്തരവിറക്കി. ബുധനാഴ്ചകളിൽ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, അദ്ധ്യാപകർ എന്നിവർ ഖാദി, കൈത്തറി വസ്ത്രം ധരിക്കണമെന്ന ഉത്തരവ് 2021 ജനുവരിയിൽ വീണ്ടും ഇറക്കിയിരുന്നു. പക്ഷെ ഇത് പൂർണമായി നടപ്പാക്കാനായില്ല.