മഞ്ഞിനിക്കര: മോർ ഇഗ്‌നാത്തിയോസ് ദയറായിൽ കബറടങ്ങിയിരിക്കുന്ന മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതീയൻ ബാവായുടെ 92ാമത് ദുഖ്‌റോനോ പെരുന്നാൾ ഫെബ്രുവരി 4 മുതൽ 10വരെ നടക്കുമെന്ന് ഭാരവാഹികളായ ദയറാധിപൻ മോർ അത്താനാസിയോസ് ഗീവർഗീസ്, വൈസ് ചെയർമാൻ റവ. ഏബ്രഹാം കോറെപ്പിസ്‌കോപ്പ തേക്കാട്ടിൽ, ജനറൽ കൺവീനർ കമാണ്ടർ ടി. യു കുരുവിള, കൺവീനർ ജേക്കബ്ബ് തോമസ് കോറെപ്പിസ്‌കോപ്പാ മാടപ്പാട്ട്, പബ്ലിസിറ്റി കൺവീനർ ബിനു വാഴമുട്ടം എന്നിവർ അറിയിച്ചു. മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വീതിയൻ പാത്രിയർക്കീസ് ബാവായും ശ്രേഷ്ഠ കാതോലിക്കാ ആബുൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായും യാക്കോബായ സുറിയാനി സഭയുടെ മെട്രോപ്പോലിത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തായും പങ്കെടുക്കും.

ദയറാധിപൻ മോർ അത്താനാസിയോസ് ഗീവർഗീസ്, കൊല്ലം ഭദ്രാസനത്തിലെ മോർ തേവോദോസ്യോസ് മാത്യുസ്, മോർ കൂറിലോസ് ഗീവർഗീസ് എന്നിവരുടെ കാർമ്മികത്വത്തിൽ രാവിലെ എട്ടിന് മൂന്നിൻമേൽ കുർബ്ബാന. മഞ്ഞിനിക്കര ദയറായിലും യാക്കോബായ സുറിയാനി സഭയിലെ പള്ളികളിലും പാത്രിയർക്കാ പതാക ഉയർത്തും. വൈകിട്ട് 5.30ന് കബറിടത്തിൽ നിന്ന് കൊണ്ടുപോകുന്ന പതാക ഓമല്ലൂർ കുരിശിൻതൊട്ടിയിൽ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത ഉയർത്തും. .
അഞ്ചിന് വൈകിട്ട് ഏഴിന് മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലിത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ആറിന് രാവിലെ 9.30ന് തുമ്പമൺ ഭദ്രാസന വനിതാസമാജം ധ്യാനയോഗം മോർ മിലിത്തിയോസ് യൂഹാനോൻ മെത്രപ്പോലിത്ത ഉദ്ഘാടനം ചെയ്യും. ഏഴിന് വൈകിട്ട് ആറിന് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എ. ഷിബു നിർവഹിക്കും. എട്ടിന് രാവിലെ അഞ്ചിന് പ്രഭാത നമസ്‌കാരവും 7.30 ന് വിശുദ്ധ കുർബ്ബാനയും, വൈകിട്ട് അഞ്ചിന് സന്ധ്യാ പ്രാർത്ഥനയും.

ഒൻപതിന് വൈകിട്ട് അഞ്ചിന് മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ നേതൃത്വത്തിൽ സന്ധ്യാ പ്രാർത്ഥന. തുടർന്ന് പൊതുസമ്മേളനത്തിൽ മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ അദ്ധ്യക്ഷത വഹിക്കും. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. സുറിയാനി സഭ മെട്രോപ്പോലിത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.