പത്തനംതിട്ട: പത്തനംതിട്ട നഗരസഭ ആയുർവേദ ആശുപത്രിക്ക് എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചു. ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ഒന്നാം ഘട്ട നടപടികൾ ഏപ്രിലിൽ ആരംഭിച്ച് 90 ദിവസം കൊണ്ട് പൂർത്തിയാക്കിയാണ് എൻ.എ.ബി.എച്ചിന് അപേക്ഷ സമർപ്പിച്ചത്. പൂർണമായും നഗരസഭാ ഫണ്ട് ഉപയോഗിച്ചാണ് അടിസ്ഥാന സൗകര്യങ്ങൾ എർപ്പെടുത്തിയിരിക്കുന്നതെന്ന് ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ പറഞ്ഞു. നിലവിൽ ഓ.പി. ബ്ലോക്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഒരു നിലയും കൂടി പണിത് കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള അംഗീകാരം കൂടി ഈ കൗൺസിലിന്റെ കാലത്ത് തന്നെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് വാർഡ് കൗൺസിലർ അഡ്വ.റോഷൻ നായർ പറഞ്ഞു. അച്ചൻകോവിലാറിന്റെ പരിസരത്ത് അഴൂരിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. രണ്ടു ബ്ലോക്കിലായി സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിൽ പ്രാഥമിക രോഗീപരിചരണം, സ്ത്രീരോഗ ചികിത്സ, വന്ധ്യതാ ചികിത്സ, വയോജനങ്ങൾക്കു വേണ്ടിയുള്ള ചികിത്സ, ഗർഭിണികൾ, കുട്ടികൾ, പാലിയേറ്റീവ് ജീവിത ശൈലി രോഗങ്ങൾക്കുള്ള ചികിത്സ, യോഗാ പരിശീലനം എന്നിവ നടക്കുന്നു. രാജ്യത്ത് ആദ്യമായി നാഷണൽ ആയുഷ് മിഷന്റെ വന്ധ്യതാ ക്ലിനിക് ആരംഭിച്ചത് ഇവിടെയാണ്. ഈ രംഗത്ത് വൈദഗ്ദ്ധ്യം തെളിയിച്ച മെഡിക്കൽ ഓഫീസർ ഡോ. വഹീദ റഹ്മാനാണ് ചികിൽസ നടത്തുന്നത്. ഇതിനോടകം 81 പേർക്ക് കുട്ടികൾ ജനിച്ചു.