പ്രമാടം : ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച തകിടിയത്ത്മുക്ക് - മങ്ങാട്ടുപടി- പനിക്കക്കുഴിപ്പടി റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങി. വെട്ടിപ്പൊളിച്ച ഭാഗം കോൺക്രീറ്റ് ചെയ്യുന്ന ജോലികളാണ് കഴിഞ്ഞ ദിവസം തുടങ്ങിയത്. റോഡിന്റെ ദുരവസ്ഥയും പ്രദേശവാസികളുടെ യാത്രാ ദുരിതവും ചൂണ്ടിക്കാട്ടി കേരള കൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് അടിയന്തര നടപടി.
പ്രമാടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ മറൂരിലൂടെയാണ് തകിടിയത്ത്മുക്ക് - മങ്ങാട്ടുപടി- പനിയ്ക്കക്കുഴിപടി റോഡ് കടന്നുപോകുന്നത്. ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പിടലിന്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് റോഡ് വെട്ടിപ്പൊളിച്ചതോടെ കാൽനട യാത്രപോലും ദുസഹമായിരുന്നു. പൈപ്പിടലിന് തടസമായി നിന്ന പാറ നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് യന്ത്ര സഹായതോടെ റോഡ് വെട്ടിപ്പൊളിച്ചത്. ഇതേ തുടർന്ന് ഇവിടം തോടായിമാറി. ചെറുതും വലുതുമായ കുഴികളാണ് രൂപപ്പെട്ടത്. ഇതുവഴി യാത്ര ചെയ്യണമെങ്കിൽ സർക്കസ് പഠിക്കേണ്ട അവസ്ഥയിലായിരുന്നു നാട്ടുകാർ. തകർന്ന് തരിപ്പണമായ റോഡിൽ അപകടങ്ങളും നിത്യസംഭവമായിരുന്നു. പ്രദേശവാസികൾ ഇതുവഴിയുള്ള വാഹന യാത്ര ഇതോടെ ഉപേക്ഷിച്ചു. പൂങ്കാവ്- പ്രമാടം റോഡിൽ ഗതാഗത തടസം ഉണ്ടായാൽ പത്തനംതിട്ടയിലേക്ക് ഉൾപ്പടെ പോകാൻ ഉപയോഗിക്കുന്ന ഉപ റോഡുകൂടിയാണിത്. പൈപ്പിടൽ പൂർത്തിയായാൽ ഉടൻ റോഡ് ഗതാഗത യോഗ്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറായിരുന്നില്ല.