ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്കിലും ഇരിപ്പൂക്കൃഷി വ്യാപകമാക്കാൻ കൃഷിവകുപ്പ് . പുലിയൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ ചിറ്റാറ്റുവേലി പാടശേഖരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഇരിപ്പൂക്കൃഷിയുടെ ആദ്യവിളവെടുപ്പ് വിജയിച്ചതോടെയാണ് നടപടി. സെപ്തംബറിലാണ് ആദ്യകൃഷിയ്ക്കായി വിത്ത് വിതച്ചത്. 120 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിയുന്ന ഉമയാണ് വിതച്ചത്. വിളവെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് ഈ മാസം അവസാനത്തോടെ പുഞ്ചയ്ക്കായി വിതയ്ക്കും. 85 മുതൽ 90ദിവസത്തിനുള്ളിൽ കൊയ്ത്തിനു പാകമാകുന്ന സ്വർണ്ണപ്രഭയാണ് അടുത്തകൃഷിക്കായി വിതയ്ക്കുന്നത്.140 ഏക്കർ പാടശേഖരത്തിൽ 45 കർഷകാരാണുള്ളത്.56 ലക്ഷം രൂപ ചെലവഴിച്ചാണ് കൃഷിയിറക്കിയത്. സ്വർണ്ണപ്രഭ. മനുരത്ന വിത്തുകൾ വിതച്ചാൽ കുറഞ്ഞ സമയത്തിനുള്ളിൽ വിളവെടുപ്പിന് പാകമാകുമെന്നതിനാൽ മൂന്നു കൃഷി സാദ്ധ്യമാണെന്നാണ് കർഷകർ പറയുന്നത്.ഒന്നിൽക്കൂടുതൽ കൃഷി ചെയ്യുമ്പോൾ കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചാൽ മൂന്നു കൃഷി വരെ ചെയ്യാൻ സന്നദ്ധമാണെന്നാണ് കർഷകർ പറഞ്ഞു. ചെങ്ങന്നൂർ സമൃദ്ധി പദ്ധതിയിൽപ്പെടുത്തി ശക്തിയേറിയ മോട്ടോർ സ്ഥാപിച്ചതും ബണ്ടുകൾ ബലപ്പെടുത്തിയതും ജലസേചന സൗകര്യം മെച്ചപ്പെട്ടതും മൂലമാണ് രണ്ടുകൃഷി സാദ്ധ്യമായത്. ചെങ്ങന്നൂരിലെ പാടശേഖരങ്ങളിൽ രണ്ടുകൃഷി പതിവില്ലാത്തതാണ്.