തിരുവല്ല: പി.ആർ. ഏജൻസികളുടെ സഹായത്തോടെ അധികാര കേന്ദ്രങ്ങളുടെ നുണകൾ പ്രചരിപ്പിക്കുന്ന സാമൂഹ്യമാദ്ധ്യമങ്ങൾ ആധുനിക കാലത്തെ ഗീബൽസുകളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുൻ എം.എൽ.എ ജോസഫ് എം.പുതുശേരിയുടെ ‘പക്ഷം ജനപക്ഷം’ എന്ന് പുസ്തകത്തിന്റെ പ്രകാശനത്തോട് അനുബന്ധിച്ച് 'അധികാരകേന്ദ്രങ്ങൾ വിചാരണ ചെയ്യപ്പെടുന്നു' എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നുണകൾ സത്യങ്ങളായി മാറ്റാൻ സമൂഹമാദ്ധ്യമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. ആൾക്കൂട്ടങ്ങളെല്ലാം ജനപക്ഷമല്ല. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നുണകൾ പ്രചരിപ്പിച്ച് ആൾക്കൂട്ടങ്ങളെ സൃഷ്ടിച്ചെടുക്കുകയാണ്. വിദ്വേഷത്തിന്റെയും ഭിന്നിപ്പിക്കലിന്റെയും പ്രചാരണങ്ങൾ നടത്തി അധികാരം നിലനിറുത്താനും പിടിച്ചെടുക്കാനും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ആൾക്കൂട്ടങ്ങളെ നന്നായി ഉപയോഗിക്കുന്നു. അധികാരത്തിനുചുറ്റും വിദൂഷകന്മാർ തിമിർത്താടുന്ന സങ്കടകരമായ സാഹചര്യമാണ് നമ്മുടെ നാട്ടിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. .രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. വർഗീസ് സി.തോമസ് പുസ്തകപരിചയം നടത്തി. പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ വിഷയാവതരണം നടത്തി. കുമ്മനം രാജശേഖരൻ, ആന്റോ ആന്റണി എം പി, ജോയ് ഏബ്രഹാം, വർഗീസ് ജോർജ്, ഫ്രാൻസിസ് ജോർജ്ജ്, അപ്പു ജോൺ ജോസഫ്, കെ-റെയിൽ സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ, ആർ. ജയകുമാർ, വെൽഫയർ സൊസൈറ്റി പ്രസിഡന്റ് സാം ഈപ്പൻ, സെക്രട്ടറി വിജയകുമാർ മണിപ്പുഴ എന്നിവർ പ്രസംഗിച്ചു.