പത്തനംതിട്ട: പ്രധാനമന്ത്രിയെ നേരിൽ കണ്ടതിനു പിന്നാലെ അതേപ്പറ്റി മോദി എക്സിൽ കുറിച്ചതിന്റെ ആഹ്ളാദത്തിലാണ് ജയലക്ഷ്മി. തൃശൂർ മണ്ണുത്തി കേരള കാർഷിക സർവകലാശാലയിലെ ഒന്നാം വർഷ ബി.എസ് സി അഗ്രികൾച്ചർ വിദ്യാർത്ഥിയായ ജയലക്ഷ്മി കർഷകയുമാണ്.
മോദിയെ ഏറെ ബഹുമാനിക്കുന്ന ജയലക്ഷ്മി 2021ൽ നടൻ സുരേഷ്ഗോപിയുടെ കൈവശം താൻ കിളിർപ്പിച്ചെടുത്ത പേരയുടെ തൈ പ്രധാനമന്ത്രിക്ക് നൽകാനായി കൊടുത്തുവിട്ടിരുന്നു. ഇത് വാങ്ങിയ മോദി തന്റെ ഔദ്യോഗിക ഓഫീസ് വളപ്പിൽ നട്ടു. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രിയുടെ പ്രശംസാപത്രവും ലഭിച്ചു. പ്രധാനമന്ത്രിയെ കാണാൻ അവസരമൊരുക്കാമെന്ന് സുരേഷ് ഗോപി ജയലക്ഷ്മിയോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന തന്റെ മകളുടെ കല്യാണത്തിന് അദ്ദേഹം ജയലക്ഷ്മിയെ ക്ഷണിച്ചു.
അങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിൽവച്ച് പ്രധാനമന്ത്രിയെ കണ്ട ജയലക്ഷ്മി ചന്ദന മരത്തിന്റെ തൈ നൽകി. മാതാവ് പന്തളം എൻ.എസ്.എസ് പോളിടെക്നിക് കോളേജ് അദ്ധ്യാപിക ദീപ്തിയും സഹോദരി വിദ്യാലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു.
കുളനട ഉളനാട് പോളേമണ്ണിൽ ആഞ്ജനേയത്തിൽ കെ.എസ്.സഞ്ജീവിന്റെ മകളായ ജയലക്ഷ്മിക്ക് സംസ്ഥാന സർക്കാരിന്റെ വിദ്യാർത്ഥി കർഷകയ്ക്കുള്ള കർഷകതിലകം അവാർഡ്, ഉജ്വലബാല്യ പുരസ്കാരം, പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാർത്ഥികർഷകയ്ക്കുള്ള പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
മോദി എക്സിൽ
കുറിച്ചത്
ജൈവകൃഷിയോട് അഭിനിവേശമുള്ള ജയലക്ഷ്മിയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
രണ്ടു വർഷം മുമ്പ്, എന്റെ സുഹൃത്ത് സുരേഷ് ഗോപി (നടനും ബി.ജെ.പി നേതാവും) ജയലക്ഷ്മി വളർത്തിയ ഒരു പേരത്തൈ എനിക്കു തന്നു.
ആ പ്രവൃത്തിയെ ഞാൻ അഗാധമായി വിലമതിക്കുന്നു. ജയലക്ഷ്മിയുടെ ഉദ്യമങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകട്ടെ എന്നു ഞാൻ ആശംസിക്കുന്നു."