sangamam
ആഗോള പ്രവാസി മലയാളി സംഗമമായ മൈഗ്രേഷൻ കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: പ്രവാസി സമൂഹത്തെ സംസ്ഥാനത്തിന്റെ ക്ഷേമത്തിനും വികസനത്തിനുമായി ഉപയോഗിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഗോളപ്രവാസി സംഗമമായ മൈഗ്രേഷൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ഉൾപ്പെടെ അരക്കോടിയിലധികം മലയാളികൾ കേരളത്തിന് പുറത്തുണ്ട്. നാടിന്റെ വികസനത്തിനായി വലിയ സംഭാവനകൾ നൽകാൻ കഴിയുന്നവരാണിവർ. വിശ്വകേരള കൂട്ടായ്മയാണിത്. ഈ കൂട്ടായ്മയുടെ കരുതൽ പലപ്പോഴായി നാം നേരിട്ട് അറിഞ്ഞതാണ്. പൊതുവായ ക്ഷേമത്തിനും വികസനത്തിനുമായി ഉപയോഗിക്കുകയാണ് സർക്കാർ ലക്ഷ്യം. അതിന് ഈ കോൺക്ലേവ് സഹായകമാകും.പ്രത്യേക സ്കിൽ പരിശീലനത്തിൽ ഇടപെട്ട് വലിയ സഹായങ്ങൾ ഒരുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള ബോധപൂർവശ്രമം നടക്കുന്നതായി നാടിനാകെ ബോദ്ധ്യപ്പെട്ടു. ഏത് വെല്ലുവിളിയേയും നേരിട്ട് നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്. അതിന് സഹായകരമാകുന്ന ആശയങ്ങൾ ഇത്തരം കോൺക്ലേവിൽ ഉയരണം. കക്ഷിരാഷ്ട്രീയത്തിന് അതീതമായ പങ്കാളിത്തമാണ് ഉണ്ടാകേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര കേരള പഠനകോൺഗ്രസ് ചെയർമാൻ എസ്.രാമചന്ദ്രൻപിള്ള അദ്ധ്യക്ഷനായി. എ.കെ.ജി പഠനഗവേഷണകേന്ദ്രം ഡയറക്ടർ ഡോ.ടി.എം തോമസ് ഐസക് ആമുഖ പ്രഭാഷണം നടത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രിമാരായ വീണാജോർജ്, പി.പ്രസാദ്, സാഹിത്യകാരൻ ബെന്യാമിൻ, സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, സംഘാടകസമിതി ചെയർമാൻ എ.പത്മകുമാർ, കേരള പ്രവാസിസംഘം ജനറൽസെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, സി.പി.എം സംസ്ഥാന കമ്മിറ്റിഅംഗം രാജു ഏബ്രഹാം, നോർക്കാ റൂട്സ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, എം.എൽ.എമാരായ മാത്യു ടി.തോമസ്, അഡ്വ.കെ.യു.ജെനീഷ് കുമാർ, ഗീവർഗീസ് മാർ കൂറിലോസ്, വി.എസ്.ചന്ദ്രശേഖരപിള്ള പഠനഗവേഷണകേന്ദ്രം സെക്രട്ടറി പി.ബി.ഹർഷകുമാർ, സംഘാടകസമിതി ജോ.കൺവീനർ റോഷൻ റോയി മാത്യു എന്നിവർ സംസാരിച്ചു. തുടർന്ന് സ്റ്റീഫൻ ദേവസ്സി-ശിവമണി ടീമിന്റെ മെഗാ മ്യൂസിക്‌ ഈവന്റും അരങ്ങേറി. 21ന് കോൺക്ലേവ് സമാപിക്കും.