
തിരുവല്ല: കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലെ ബുക്ക് മാർക്കിന്റെ ജില്ലയിലെ പുസ്തക വിൽപ്പനശാലയുടെ പ്രവർത്തനം നിലച്ചു. തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കേരള ബുക്ക് മാർക്കറ്റിംഗ് സൊസൈറ്റിയുടെ വിൽപ്പനകേന്ദ്രം കഴിഞ്ഞ ഏതാനും മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. പുസ്തകങ്ങളുടെ വിൽപ്പന കുറവാണെന്ന കാരണത്താലാണ് അടച്ചുപൂട്ടിയത്. വായനാമൂല്യമുള്ള നല്ല പുസ്തകങ്ങൾ വലിയ വിലക്കുറവിൽ ഇവിടെ നിന്ന് ലഭിച്ചിരുന്നു. കോട്ടയം ജില്ലയിലെ സ്റ്റാളും അടുത്തകാലത്ത് അടച്ചുപൂട്ടി. ഇതുകാരണം പുസ്തകം ആവശ്യമുള്ളവർ ഇപ്പോൾ തിരുവനന്തപുരത്തെ ആസ്ഥാന വില്പനകേന്ദ്രത്തിൽ പോകേണ്ട ഗതികേടിലാണ്. ഗ്രാമീണ മേഖലയിൽ ഉൾപ്പെടെയുള്ള വായനശാലകൾക്ക് പുസ്തകങ്ങൾ വാങ്ങിക്കുമ്പോൾ മറ്റു പുസ്തക വിൽപ്പനശാലങ്ങളെ അപേക്ഷിച്ച് നല്ല ഡിസ്കൗണ്ട് ഇവിടെനിന്നും ലഭിച്ചിരുന്നു. പഞ്ചായത്തുകൾക്കും മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾക്കുമെല്ലാം ഇവിടെ നിന്ന് പുസ്തകങ്ങൾ വാങ്ങുമ്പോൾ ക്വട്ടേഷൻ ആവശ്യമില്ലാത്തതും ഏറെ സഹായകമായിരുന്നു. സാധാരണ വായനക്കാർക്കും എഴുത്തുകാർക്കുമെല്ലാം ബുക്ക് മാർക്ക് അടച്ചുപൂട്ടിയത് വലിയൊരു നഷ്ടമാണ്. കൂടാതെ ഇവിടെ ജോലി ചെയ്തിരുന്ന രണ്ടുപേർക്ക് തൊഴിലും നഷ്ടമായി.
സാഹിത്യരംഗത്തെ നഷ്ടം
സർക്കാർ സ്ഥാപനങ്ങൾ പുറത്തിറക്കുന്ന ഗ്രന്ഥങ്ങളോടൊപ്പം വേണ്ടത്ര വിതരണ സൗകര്യങ്ങളില്ലാതെ വിഷമിക്കുന്ന ചെറുകിട പ്രസാധകരുടെയും വ്യക്തികളുടെയും നല്ല ഗ്രന്ഥങ്ങളും ഒരു കമ്മിറ്റിയുടെ പരിശോധനയ്ക്കു ശേഷം വിതരണത്തിനായി ബുക്ക് മാർക്ക് ഏറ്റെടുത്തിരുന്നു. ബുക്ക് മാർക്ക് വിൽപ്പനകന്ദ്രം അടച്ചുപൂട്ടിയതോടെ ഇക്കാര്യങ്ങളിലെല്ലാം തടസങ്ങൾ നേരിടുകയാണ്.
ആറ് ജില്ലകളിൽ പുസ്തകശാലകൾ പൂട്ടി,
തിരുവല്ല സ്റ്റാളിലെ രണ്ടുപേർക്ക് ജോലി നഷ്ടമായി
തിരുവല്ലയിലെ ബുക്ക് മാർക്കിന്റെ പുസ്തകശാലപുനരാരംഭിക്കാൻ നടപടി സ്വീകരിക്കണം.
പീതാംബരൻ, സാഹിത്യകാരൻ