
പത്തനംതിട്ട : കനാലുകളിലൂടെ വെള്ളം തുറന്നുവിട്ടത് കൃഷിയിടങ്ങളിലും കിണറുകളിലും പ്രയോജനപ്പെടാതെ പാഴാകുന്നു. മെയിൻ കനാലുകളിലൂടെയാണ് വെള്ളം ഒഴുക്കിവിട്ടിരിക്കുന്നത്. ഉപകനാലിലൂടെ വേണം കൃഷിസ്ഥലങ്ങളിൽ എത്താൻ. ഉപകനാലുകൾ മണ്ണിടിഞ്ഞും മാലിന്യം നിറഞ്ഞും കാടുംപടലും വളർന്നും നികന്നനിലയിലാണ്. മൂടിയ കനാലുകളിലൂടെ വെള്ളം ഒഴുക്കിയാൽ കൃഷി സ്ഥലങ്ങളിൽ എത്താറില്ല. ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും കനാലുകൾ കാട്ടുപന്നികളുടെ വിഹാര കേന്ദ്രമായി. സംരക്ഷണമില്ലാത്തതിനാൽ മാലിന്യം വലിച്ചെറിയാനുള്ള പൊതുഇടമായി കനാലുകൾ മാറി. കനാലുകൾ വൃത്തിയാക്കേണ്ടത് തങ്ങളല്ലെന്ന നിലപാടിലാണ് ജലസേചനവകുപ്പ് അധികൃതർ.
ആവശ്യത്തിന് ഫണ്ടില്ലാത്തതുകൊണ്ടാണ് ശുചീകരണം നടത്താൻ കഴിയാത്തതെന്ന് ജലസേചന വകുപ്പ് അധികൃതർ പറയുന്നു.
കനാൽ ശുചീകരണം നടത്തണമെന്ന് ആവശ്യപ്പെട്ട് എല്ലാ വർഷവും തദ്ദേശ സ്ഥാപനങ്ങൾക്ക് കത്ത് നൽകാറുണ്ട്. ഫണ്ടുള്ള പഞ്ചായത്തുകൾ കനാലിലെ കാടുംപടലും നീക്കി വെള്ളം ഒഴുകാൻ വഴി തെളിക്കും. ഫണ്ടില്ലെന്ന് കാരണം പറഞ്ഞ് മിക്ക പഞ്ചായത്തുകളും കയ്യൊഴിയും. തൊഴിലുറപ്പ് പ്രവർത്തകരെക്കൊണ്ടാണ് എല്ലാ വർഷവും കനാലുകൾ ശുചീകരിക്കുന്നത്. കനാൽ ശുചീകരണം പത്ത് വർഷത്തിലൊരിക്കൽ നടത്തിയാൽ മതിയെന്നാണ് തൊഴിലുറപ്പുകാർക്ക് കിട്ടിയ നിർദേശം. മൂന്ന് വർഷം മുൻപാണ് മിക്ക പഞ്ചായത്തകളിലും കനാൽ ശുചീകരണം നടന്നത്.
അടിയന്തര നടപടിവേണം
ശുചീകരിക്കാത്തതിനാൽ ഉപകനാലിലെ വെള്ളം മാലിന്യത്തിലും മറ്റും തടഞ്ഞുനിന്ന് കനാൽ കവിഞ്ഞ് വശങ്ങളിലെ വീട്ടുപറമ്പുകളിലേക്ക് ഒഴുകാറാണ് പതിവ്. വെള്ളം പാടശേഖരങ്ങളിലെയും കരകളിലെയും കൃഷി സ്ഥലങ്ങളിൽ എത്താറില്ല. വെള്ളം സുഗമമായി ഒഴുകിയെത്താൻ ജലസേചനവകുപ്പും പഞ്ചായത്തും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ജില്ലയിലെ കനാലുകൾ :
പമ്പാ ഇറിഗേഷൻ പ്രോജക്ട് (പി.എെ.പി), കല്ലട ഇറിഗേഷൻ പ്രോജക്ട് (കെ.എെ.പി).
'' കൃഷി ഉണങ്ങാതിരിക്കാൻ വെള്ളം എത്തണം. ഉപകനാലുകൾ വൃത്തിയാക്കിയാൽ മാത്രമേ കൃഷിയിടങ്ങളിൽ വെള്ളം എത്തുകയുള്ളൂ. ജലസേചനവകുപ്പും പഞ്ചായത്തും നടപടിയെടുക്കണം.
സുധീഷ്, കർഷകൻ കടമ്പനാട്.