പന്തളം: കരിങ്ങാലിപ്പാടത്തെ വെള്ളം വറ്റിക്കാൻ കഴിയാത്തതിനെ തുടർന്ന് ഒരുമാസം വൈകി കൃഷിയിറക്കി. വൃശ്ചിക കാർത്തികയ്ക്ക് വിത്തിട്ട് വിഷുവിന് കൊയ്തുകയറുന്ന പരമ്പരാഗത കൃഷിരീതിയാണ് ഇത്തവണ നടക്കാതെപോയത്. നാട്ടുകാരായ തൊഴിലാളികളുടെ കുറവിൽ അന്യസംസ്ഥാനക്കാരായ തൊഴിലാളികൾ പാടത്ത് ഞാറ് നട്ടു. മുൻവർഷങ്ങളിലും അന്യസംസ്ഥാക്കാർ പണിക്ക് ഇറങ്ങിയിരുന്നു. ചിറ്റിലപ്പാടത്തുമാത്രം അൻപതോളം അന്യസംസ്ഥാന തൊഴിലാളികൾ കൃഷിക്കിറങ്ങുന്നുണ്ട്.
കാലാവസ്ഥയിലെ വ്യതിയാനവും പാടത്ത് കെട്ടിനിന്ന വെള്ളം വറ്റിക്കാൻ സൗകര്യമില്ലാത്തതും തടസമായതായി കർഷകർ പറഞ്ഞു. ഇടയ്ക്ക് പെയ്ത മഴയിൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്ന് പാടത്ത് വെള്ളം കയറിയത് തിരിച്ചടിയായി. ചിറ്റിലപ്പാടത്ത് നിലം പൂട്ടാൻ ട്രാക്ടർ ഇറക്കിയെങ്കിലും വെള്ളം കൂടുതലായതിനാൽ പണി തടസപ്പെട്ടു. കരിങ്ങാലിപാടത്ത് പൂട്ടിയടിച്ച് നിലമൊരുക്കി വിതച്ച് ഞാറ് പറിച്ചുനടാൻ ഒന്നര മാസം കാത്തിരിക്കേണ്ടിവന്നു.
വെള്ളമാണ് പ്രശ്നം!
വർഷകാലത്ത് പാടത്ത് നിറയുന്ന വെള്ളംവറ്റിക്കാൻ മാർഗമില്ലാത്തതും കൃഷിയിറക്കിക്കഴിഞ്ഞാൽ ആവശ്യാനുസരണം വെള്ളം പാടത്തേക്ക് എത്തിക്കാനാകാത്തതുമാണ് കരിങ്ങാലിപ്പാടത്തിന്റെ മുഖ്യപ്രശ്നം. നവംബർ ആദ്യവാരം കൃഷിയിറക്കിയാൽ നല്ല വെയിലുള്ള കാലാവസ്ഥയിൽ കൊയ്ത്ത് നടക്കും. പാടത്ത് കൊയ്ത്ത് മെതിയന്ത്രം ഇറക്കാനും നെല്ലും കച്ചിയും ഉണക്കിയെടുക്കാനും ഇത് സഹായകമാകും. പാടം കൊയ്ത്തുകാലത്ത് ഉണങ്ങിക്കിടന്നില്ലെങ്കിൽ യന്ത്രം ഇറക്കുന്നതിനും തടസമുണ്ടാകും.
കൃഷിപ്പണിക്ക് അന്യസംസ്ഥാന തൊഴിലാളികളും
പാടശേഖരങ്ങളെ കരിങ്ങാലി വലിയതോടുമായി ബന്ധിപ്പിക്കുന്ന തോട് പുനരുദ്ധരിച്ച് മോട്ടോർ സ്ഥാപിച്ചാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ. ആവശ്യാനുസരണം വെള്ളം ലഭിക്കാനും അധികജലം ഒഴിക്കിവിടാനും തോട് നവീകരണം യാഥാർത്ഥ്യമാകണം.കഴിഞ്ഞ വർഷങ്ങളിലും വേനലിലെ വരൾച്ചയും കൊയ്ത്ത് സമയത്തുള്ള വെള്ളപ്പൊക്കവും കർഷകർക്ക് ബുദ്ധിമുട്ടായിരുന്നു.
കെ.എൻ.രാജൻ, കെ.സുഗതൻ
കർഷകർ