20-karingalipadam
കരിങ്ങാലിപ്പാടം

പന്തളം: കരിങ്ങാലിപ്പാടത്തെ വെള്ളം വറ്റി​ക്കാൻ കഴി​യാത്തതി​നെ തുടർന്ന് ഒരുമാസം വൈകി​ കൃഷി​യി​റക്കി​. വൃശ്ചിക കാർത്തികയ്ക്ക് വി​ത്തി​ട്ട് വിഷുവി​ന് കൊയ്തുകയറുന്ന പരമ്പരാഗത കൃഷിരീതിയാണ് ഇത്തവണ നടക്കാതെപോയത്. നാട്ടുകാരായ തൊഴിലാളികളുടെ കുറവി​ൽ അന്യസംസ്ഥാനക്കാരായ തൊഴിലാളികൾ പാടത്ത് ഞാറ് നട്ടു. മുൻവർഷങ്ങളിലും അന്യസംസ്ഥാക്കാർ പണി​ക്ക് ഇറങ്ങി​യി​രുന്നു. ചിറ്റിലപ്പാടത്തുമാത്രം അൻപതോളം അന്യസംസ്ഥാന തൊഴിലാളികൾ കൃഷിക്കിറങ്ങുന്നുണ്ട്.
കാലാവസ്ഥയിലെ വ്യതിയാനവും പാടത്ത് കെട്ടിനിന്ന വെള്ളം വറ്റിക്കാൻ സൗകര്യമില്ലാത്തതും തടസമായതായി കർഷകർ പറഞ്ഞു. ഇടയ്ക്ക് പെയ്ത മഴയിൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്ന് പാടത്ത് വെള്ളം കയറി​യത് തി​രി​ച്ചടി​യായി​. ചിറ്റിലപ്പാടത്ത് നിലം പൂട്ടാൻ ട്രാക്ടർ ഇറക്കിയെങ്കിലും വെള്ളം കൂടുതലായതിനാൽ പണി തടസപ്പെട്ടു. കരി​ങ്ങാലി​പാടത്ത് പൂട്ടിയടിച്ച് നിലമൊരുക്കി വിതച്ച് ഞാറ് പറിച്ചുനടാൻ ഒന്നര മാസം കാത്തി​രി​ക്കേണ്ടി​വന്നു.

വെള്ളമാണ് പ്രശ്നം!

വർഷകാലത്ത് പാടത്ത് നിറയുന്ന വെള്ളംവറ്റിക്കാൻ മാർഗമില്ലാത്തതും കൃഷിയിറക്കിക്കഴിഞ്ഞാൽ ആവശ്യാനുസരണം വെള്ളം പാടത്തേക്ക് എത്തിക്കാനാകാത്തതുമാണ് കരിങ്ങാലിപ്പാടത്തിന്റെ മുഖ്യപ്രശ്‌നം. നവംബർ ആദ്യവാരം കൃഷിയിറക്കിയാൽ നല്ല വെയിലുള്ള കാലാവസ്ഥയിൽ കൊയ്ത്ത് നടക്കും. പാടത്ത് കൊയ്ത്ത് മെതിയന്ത്രം ഇറക്കാനും നെല്ലും കച്ചിയും ഉണക്കി​യെടുക്കാനും ഇത് സഹായകമാകും. പാടം കൊയ്ത്തുകാലത്ത് ഉണങ്ങിക്കിടന്നില്ലെങ്കിൽ യന്ത്രം ഇറക്കുന്നതി​നും തടസമുണ്ടാകും.

കൃഷി​പ്പണി​ക്ക് അന്യസംസ്ഥാന തൊഴി​ലാളി​കളും

പാടശേഖരങ്ങളെ കരിങ്ങാലി വലിയതോടുമായി ബന്ധിപ്പിക്കുന്ന തോട് പുനരുദ്ധരിച്ച് മോട്ടോർ സ്ഥാപി​ച്ചാൽ മാത്രമേ പ്രശ്നത്തി​ന് പരി​ഹാരമാകൂ. ആവശ്യാനുസരണം വെള്ളം ലഭി​ക്കാനും അധി​കജലം ഒഴി​ക്കി​വി​ടാനും തോട് നവീകരണം യാഥാർത്ഥ്യമാകണം.കഴിഞ്ഞ വർഷങ്ങളിലും വേനലിലെ വരൾച്ചയും കൊയ്ത്ത് സമയത്തുള്ള വെള്ളപ്പൊക്കവും കർഷകർക്ക് ബുദ്ധിമുട്ടായി​രുന്നു.

കെ.എൻ.രാജൻ, കെ.സുഗതൻ

കർഷകർ