മല്ലപ്പള്ളി : കരാർ ഉറപ്പിക്കാൻ കഴിയാത്തതിനാൽ മല്ലപ്പളളി താലൂക്ക് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിട നിർമ്മാണം അനിശ്ചിതമായി നീളുന്നു. 46 കോടി 93 ലക്ഷം രൂപയുടെ നിർമ്മാണത്തിനായിരുന്നു ടെൻഡർ ചെയ്തത്. 2 ടെൻഡർ ലഭിച്ചെങ്കിലും ക്വട്ടേഷൻ സംബന്ധിച്ച തർക്കം കോടതിയിലെത്തിയതാണ് തുടർനടപടികൾക്ക് തടസ്സമായത്.
തറനിരപ്പും അഞ്ചു നിലകളും ഉൾപ്പെടെ ആറുനിലകളിലായി 6997 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ ബ്ലോക്കാണ് പ്രധാനമായും നിർമ്മിക്കേണ്ടത്. ഇതിൽ 53 സ്ഥിരം കിടക്കകളും 48 മാറ്റപ്പെടാവുന്ന കിടക്കകളും ക്രമീകരിക്കാം. അനുബന്ധ സേവനങ്ങളുടെയും മോർച്ചറിയുടെയും പുനരുദ്ധാരണം, ഓപ്പറേഷൻ തിയറ്റർ സ്ഥിതിചെയ്യുന്ന നിലവിലെ ഐപി ബ്ലോക്കിന്റെ ആധുനികവത്ക്കരണം, ചുറ്റുമതിൽ, ആധുനിക കവാടം, ആശുപത്രി കോമ്പൗണ്ടിലെ റോഡുകളുടെ നവീകരണം എന്നിവയും പൂർത്തിയാക്കും.
മൂന്നു ലിഫ് റ്റുകൾ, ഹീറ്റിംഗ് വെന്റിലേഷൻ എയർകണ്ടീഷനിംഗ് തുടങ്ങിയവ ഉൾപ്പെടെ മെക്കാനിക്കൽ ഇലക്ട്രിക്കൽ പ്ലംബിംഗ് സംവിധാനങ്ങളും ഒരുക്കും. എല്ലാ മുറികളിലും ഓക്‌സിജൻ ലഭ്യമാകുന്ന തരത്തിലുള്ള പൈപ്പിംഗ് സംവിധാനവും ഉണ്ടാകും. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, ഇൻസിനറേറ്റർ, സൗരോർജ പ്ലാന്റ് തുടങ്ങിയവയും ക്രമീകരിക്കും.
നേരത്തേ 38.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചുവെങ്കിലും, നിർമ്മാണങ്ങൾ പരിസ്ഥിതി സൗഹാർദമാക്കുന്നതിന് ഗ്രീൻ റേറ്റിംഗ് ഫോർ ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്‌മെന്റ് നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചതുകൊണ്ടും ഷെഡ്യൂൾ നിരക്കിൽ മാറ്റം വന്നതുകൊണ്ടും, ചരക്ക് സേവന നികുതി 12 ശതമാനത്തിൽ നിന്നും 16 ശതമാനമായി വർദ്ധിപ്പിച്ചതു കൊണ്ടും ഇൗ തുക തികയാതെ വന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള 46.93 കോടി രൂപയ്ക്ക് എംഎൽഎയുടെ അഭ്യർത്ഥന മാനിച്ച് കിഫ്ബി ബോർഡ് അംഗീകാരം നൽകുകയായിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തി സാങ്കേതിക അനുമതി ലഭ്യമാക്കിയാണ് ടെൻഡർ വിളിച്ചത്. സംസ്ഥാന വൈദ്യുതി ബോർഡിന്റെ സിവിൽ വിഭാഗമാണ് നിർമ്മാണത്തിന്റെ ചുമതല വഹിക്കുന്നത്.
--------------------------
നിർമ്മാണം ഇങ്ങനെ
6 നിലകൾ
6997 ച.മീ വിസ്തീർണമുള്ള പുതിയ ബ്ലോക്ക്
മൂന്നു ലിഫ്റ്റുകൾ, എല്ലാ മുറികളിലും ഓക്‌സിജൻ പൈപ്പിംഗ് , സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, ഇൻസിനറേറ്റർ, സൗരോർജ പ്ലാന്റ് മോർച്ചറി പുനരുദ്ധാരണം, ഐപി ബ്ലോക്കിന്റെ ആധുനികവത്ക്കരണം ആശുപത്രി കോമ്പൗണ്ടിലെ റോഡുകളുടെ നവീകരണം, ചുറ്റുമതിൽ, ആധുനിക കവാടം.
46. 93 കോടിയുടെ പദ്ധതി