പത്തനംതിട്ട: പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ(പി.ബി.സി.എ) ജില്ലാ കൺവെൻഷൻ നാളെ വെട്ടിപ്രം കെ.എസ്.ടി.എ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും നിർമ്മാണ മേഖലയെ തളർത്തുന്ന നടപടികൾ വർദ്ധിച്ചുവരുന്നത് ആശങ്കയ്ക്ക് വകയൊരുക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം പ്രധാന വെല്ലുവിളിയായി മാറിയിട്ടുണ്ട്. ക്വാറി ഉൽപ്പന്നങ്ങൾക്ക് ഒരു മാനദണ്ഡവും പാലിക്കാതെ വില വർദ്ധിപ്പിക്കുകയാണ്. സ്വകാര്യ കരാറുകാർക്ക് ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാനും സാധിച്ചിട്ടില്ല. നികുതി വർദ്ധനയും വിവിധ ഫീസുകളുടെ വർദ്ധനയും നിർമ്മാണ മേഖലയ്ക്ക് അധിക ബാദ്ധ്യതയായതായും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഡി. മനോഹരൻ, സെക്രട്ടറി ടി. വിനോദ്, എ.ആർ. ഷാബു, അഖിൽ മോഹൻ എന്നിവർ പങ്കെടുത്തു.