bodha

മുട്ടത്തുകോണം : ലഹരി ഉപയോഗത്തിനെതിരെ കേരളകൗമുദി നടത്തുന്ന ബോധപൗർണമി സെമിനാർ ജനകീയ പരിപാടിയാണെന്ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. സാമൂഹത്തിന്റെ നൻമയ്ക്കുവേണ്ടിയുള്ള വിഷയങ്ങൾ ഏറ്റെടുത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് കേരളകൗമുദി നടത്തുന്നത്. ഇന്നത്തെ സമൂഹത്തിലെ വലിയ പ്രശ്നം കുട്ടികൾ അടക്കമുള്ളവരുടെ ലഹരി ഉപയോഗമാണ്. ലഹരിക്കെതിരെ സമൂഹം ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയേറെയാണ്. സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നതിൽ കേരളകൗമുദി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് പത്മകുമാർ പറഞ്ഞു.

പ്രിൻസിപ്പൽ പി.ശിരീഷ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് സർക്കുലേഷൻ മാനേജർ എസ്.അനിൽകുമാർ പദ്ധതി വിശദീകരിച്ചു. വിമുക്തി മെന്ററും സിവിൽ എക്സൈസ് ഒാഫീസറുമായ ബിനു വർഗീസ് ക്ളാസ് നയിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് എ.ജി.ജയറാണി, എം.ആർ.രേഖ, വി.അനിതാകുമാരി എന്നിവർ സംസാരിച്ചു.

മനസിനെ അടക്കാൻ ലഹരി ഉപയോഗിക്കുന്നത് ആപത്ത്

അമിതമായ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ലഹരി ഉപയോഗിക്കുന്നത് ആപത്ത് ക്ഷണിച്ചുവരുത്തലാണെന്ന് ക്ളാസ് നയിച്ച സിവിൽ എക്സൈസ് ഒാഫീസർ ബിനു വർഗീസ് പറഞ്ഞു. മാനസിക സമ്മർദ്ദം അകറ്റാൻ ലഹരി ഉപയോഗിക്കുന്നത് ശരീരത്തിന്റെ പ്രവർത്തനത്തെ ബാധിക്കും. അത് രൂക്ഷമായി തലച്ചോറിനെ ബാധിക്കുമ്പോൾ ജീവിതത്തിന്റെ താളം തെറ്റും. ഒടുവിൽ ഭ്രാന്താശുപത്രി, ജയിൽ, മരണം എന്നീ അവസ്ഥകളിലേക്ക് പോകും. സ്നേഹവും സാമൂഹിക നൻമയും മനസിൽ സ്ഥാനം പിടിക്കണം. മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും അമിത ഉപയോഗം അമിതമായ മാനസിക സമ്മർദ്ദവും ദേഷ്യവും ഉണ്ടാക്കുന്ന ഘടകങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.