road-
ആലാ പഞ്ചായത്ത് 4-ാം വാർഡിൽ പഴുക്കാമോടി ഭാഗത്തെ നിരവധി കുടുംബങ്ങൾ ഉപയോഗിച്ചുവരുന്ന മൺപാത


ചെങ്ങന്നൂർ: ആലാ പഞ്ചായത്ത് 4ാം വാർഡിൽ പെണ്ണുക്കര പഴുക്കാമോടി ഭാഗത്ത് നല്ല റോഡ് എന്നത് നാട്ടുകാർക്ക് സ്വപ്‌നമാകുന്നു. സമീപപ്രദേശങ്ങളിൽ ഇവിടെ മാത്രമാണ് ഇപ്പോഴും മൺപാതയുള്ളത്. നിരവധി ആളുകൾ താമസിക്കുന്ന ഈ പ്രദേശത്തെ മഴക്കാലത്താണ് ഏറെ ദുരിതം. ആശുപത്രി ആവശ്യങ്ങൾക്ക് പോലും വാഹനങ്ങൾ വരാൻ മടിക്കുകയാണ്. പണം കൂടുതലായി നൽകിയാൽ ചില ഡ്രൈവർമാർ ഇവിടെ വാഹനവുമായി എത്തും. റോഡരികിൽ കാട് പിടിച്ചുകിടക്കുന്നതും ഈ റോഡിന്റെ തൊട്ടടുത്തായി കണ്ടം ഉള്ളതിനാലും ഇഴജന്തുക്കളെ ഭയന്നാണ് ഇതുവഴി നടക്കുന്നത്. നല്ല റോഡുവേണമെന്ന ഇവരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ റോഡിന്റെ തുടക്കഭാഗത്ത് ടാർ ഇട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ ഇവിടുത്തെ ടാർ ഇളകി സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. ബാക്കിയുള്ള അര കിലോമീറ്റർ ദൂരത്തോളമാണ് ഇപ്പോഴും മൺപാതയായി കിടക്കുന്നത്. എം.സി റോഡിൽ നിന്ന് ആഞ്ഞിലിമൂട്,​ കോടുകുളഞ്ഞി വഴി കൊല്ലുകടവ്, മാവേലിക്കര എന്നിവിടങ്ങളിലൂടെ പോകുന്ന തേനി കൊല്ലം റോഡിന്റെ ഏതാനും ദൂരത്തായിട്ടാണ് പഴുക്കാമോടി ഭാഗം. സമീപ പ്രദേശങ്ങളിൽ എല്ലാം റോഡ് സഞ്ചാരയോഗ്യമാക്കിയിട്ടും ഇവിടെയുള്ളവർക്ക് റോഡ് എന്നത് സ്വപ്നം മാത്രമായിരിക്കുകയാണ്. തേനി കൊല്ലം റോഡിന്റെ പണിപ്പുരപ്പടി ഭാഗത്ത് നിന്ന് ഏതാനും ദൂരത്തായിട്ടാണ് പഴുക്കാമോടി ഭാഗം. മുമ്പ് റോഡ് നിർമ്മാണത്തിനായി ടിപ്പറുകളിൽ മെറ്റൽ ഇറക്കാൻ കൊണ്ടുവന്നെങ്കിലും നാട്ടുകാർ തടഞ്ഞിരുന്നു. തട്ടികൂട്ട് പരിപാടി നടക്കില്ലെന്നും ഗുണനിലവാരമുള്ള റോഡ് നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇത്.

.......................................................
റോഡിന്റെ ഇരുവശവും കാട് പിടിച്ചു കിടക്കുകയാണ്, തൊട്ടടുത്തായി കണ്ടവുമുണ്ട്. സ്‌കൂളിലും ട്യൂഷനും പോകുന്ന കൊച്ചുകുട്ടികൾ ഉൾപ്പെടെ ഇഴജന്തുക്കളെ ഭയന്നാണ് ഇതുവഴി നടക്കുന്നത്. എത്രയും പെട്ടെന്ന് ഇവിടെ അറ്റകുറ്റപ്പണി നടത്തി റോ‌ഡ് സഞ്ചാരയോഗ്യമാക്കണം.

സദാശിവൻ

(പ്രദേശവാസി)​