റാന്നി :മണ്ണാറക്കുളഞ്ഞി- ഇലവുങ്കൽ ശബരിമല പാതയിൽ ളാഹ വിളക്ക് വഞ്ചിയിൽ ലോറി തീർത്ഥാടകരുടെ കാറിൽ ഇടിച്ച് ആറുപേർക്ക് പരിക്ക്. ഇന്നലെ പുലർച്ചെ 6.30 ടെ പമ്പയിൽ നിന്ന് അരി കയറ്റിവന്ന ലോറി വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് പട്ടാഴി സ്വദേശികൾ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിയിലും ബാക്കിയുള്ളവരെ ,പത്തനംതിട്ട ജനറൽആശുപത്രിയിലും പ്രവേശിപ്പിച്ചു. പട്ടാഴിക്കൽ സ്വദേശികളായ തീർത്ഥാടകരായ പ്രേംകുമാർ ,ജയശ്രീ ,ബിന്ദു ,ജയലക്ഷ്മി, പ്രഭിൻ, പ്രദീപ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ ഇടിച്ച ലോറി ഡിവൈഡറും തകർത്ത് കൈത തോട്ടത്തിലേക്ക് ചാടിയാണ് നിന്നത്. ഒാടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തീർത്ഥാടന പാതയിൽ നിരന്തരമായി വാഹനാപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമാണ് വിളക്കുവഞ്ചി. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് ആന്ധ്രാപ്രദേശ് സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക് പറ്റിയിരുന്നു. കെ.എസ്.ആർ.ടി.സി. മിനി വാൻ എന്നിവയും അപകടത്തിൽപ്പെട്ടിരുന്നു. ശബരിമല തീർത്ഥാടന പാതയിൽ കൊടും വളവുകൾ ഉള്ളതു കൂടാതെ ഒരു ദിശയിൽ ഇറക്കവും മറുദിശയിൽ കയറ്റവും ഉള്ളതിനാൽ രണ്ടു വശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ അല്പം ശ്രദ്ധക്കുറവുണ്ടായാൽ അപകടമുണ്ടാകാം .