minister
മൈഗ്രേഷൻ കോൺക്ലേവിൽ ഉന്നത വിദ്യാഭ്യാസത്തിന് പിന്തുണ എന്ന വിഷയത്തെ അധികരിച്ച് നടന്ന സംവാദം മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ഭൗതിക പശ്ചാത്തലം ഒരുക്കി മികച്ച പഠന സാഹചര്യം ഉണ്ടാക്കിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. മൈഗ്രേഷൻ കോൺക്ലേവിൽ ഉന്നത വിദ്യാഭ്യാസത്തിന് പിന്തുണ എന്ന വിഷയത്തെ അധികരിച്ച് നടന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പഠിച്ചിറങ്ങിയ വിദ്യാലയങ്ങളുടെ വികസനത്തിന് പ്രവാസികൾ മികച്ച സംഭാവന നൽകണം. അലൂംമിനി,പൗരപ്രമുഖർ,ജനപ്രതിനിധികൾ എന്നിവരുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കണം. തങ്ങളുടെ കഴിവും വൈദഗ്ദ്ധ്യവും അനുഭവങ്ങളും അറിവും വിദ്യാർത്ഥികളോട് പങ്കുവയ്ക്കാനുള്ള പ്ലാറ്റ്ഫോമുകൾ ഉണ്ടാകണം. ഗവേഷണാത്മകമായ പഠനത്തിനാണ് ഇനി കേരളം ഊന്നൽ നൽകുക. പ്രൈവറ്റ് യൂണിവേഴ്‌സിറ്റി എന്ന ആശയം നടപ്പാക്കുന്നതിന്റെ പ്രാഥമിക ചർച്ചകളിലൂടെ കടന്നുപോകുകയാണെന്നും മന്ത്രി പറഞ്ഞു. എം.ജി.യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.സാബു ജോസഫ്, ഡിജിറ്റർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.സജി ഗോപിനാഥ്, ടെക്നിക്കൽ യൂണിവേഴ്സിറ്റി മുൻവൈസ് ചാൻസിലർ ഡോ.രാജശ്രീ, കേരള യൂണിവേഴ്സിറ്റി ബയോ ഇൻഫോമാറ്റിക്സ് മുൻതലവൻ ഡോ.അച്യുത് ശങ്കർ എന്നിവർ സംസാരിച്ചു.

ഇന്ന് തിരുവല്ല മാർത്തോമാ കോളേജിൽ പ്രവാസലോകത്തെ സാഹിത്യ സാക്ഷ്യങ്ങൾ എന്ന വിഷയത്തെ അധികരിച്ച് സാഹിത്യസമ്മേളനം ചേരും.വൈകിട്ട് 4ന് ഓപ്പൺ സ്റ്റേജിൽ `പ്രവാസം: സാന്നിദ്ധ്യവും അസാന്നിദ്ധ്യവും" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സാഹിത്യചർച്ചയിൽ ബെന്യാമീൻ മോഡറേറ്ററാകും.5ന് പ്രവാസം: പെണ്ണനുഭവവും എഴുത്തും എന്ന വിഷയത്തിൽ ഡോ.റാണി ആർ.നായർ മോഡറേറ്ററാകും.6ന് ആടുജീവിതം എഴുത്തും സിനിമയും എന്ന വിഷയത്തിൽ സംവിധായകൻ ബ്ലസി, എഴുത്തുകാരൻ ബെന്യാമീൻ, ആടുജീവിതത്തിലെ യഥാർത്ഥ കഥാപാത്രം നജീബ് എന്നിവർ സംഭാഷണം നടത്തും. വി.മുസഫർ അഹമ്മദ് മോഡറേറ്ററാകും.വൈകിട്ട് 7ന് റാസ-ബീഗം ഗസൽസന്ധ്യ അവതരിപ്പിക്കും.