photo
അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ കോന്നി മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നു

കോന്നി : കോന്നി മെഡിക്കൽ കോളേജിൽ നിർമ്മാണം പൂർത്തികരിച്ച പീഡിയാട്രീക് ഐ.സി.യുവിന്റെയും ബോയ്സ് ഹോസ്റ്റലിന്റയും ഉദ്ഘാടനം 27 ന് മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കിഫ്ബി ഫണ്ട് വഴി 352 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നുവരുന്നത്. 12 കോടി രൂപ ചെലവിൽ 40,000 സ്‌ക്വയർ ഫീറ്റിൽ 5 നിലകളോടുകൂടിയ ബോയ്സ് ഹോസ്റ്റലാണ് ഉദ്ഘാടനത്തിനായി തയ്യാറെടുക്കുന്നത്. 200 വിദ്യാർത്ഥികൾക്കുള്ള താമസ സൗകര്യമുൾപ്പടെ മെസ് ഹാൾ, കിച്ചൻ, ഡൈനിങ്, റെക്കോർഡിങ് റൂം, ഗസ്റ്റ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
എൻ എച്ച് എം ൽ നിന്ന് 15 ലക്ഷം രൂപ ചിലവിൽ 2000 സ്‌ക്വയർ ഫീറ്റിലാണ് പീഡിയാട്രിക് ഐ .സി. യു നിർമ്മിച്ചിരിക്കുന്നത്. 15 ബെഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ബ്ലഡ് ബാങ്കിന്റെ ലൈസൻസിനായുള്ള നടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ പ്രവർത്തന സജ്ജമാക്കുമെന്നും എം.എൽ. എ പറഞ്ഞു.

മെഡിക്കൽ കോളേജിലെ നാല് കെട്ടിടങ്ങളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. 11 നിലകളിലായി 40 അപ്പാർട്‌മെന്റുകൾ ഉൾപ്പെടുത്തിയ രണ്ട് ക്വാട്ടേഴ്സ് സമുച്ചങ്ങളുടെ നിർമ്മാണം പരോഗമിച്ചുകൊണ്ടിരിക്കുന്നു.