പത്തനംതിട്ട: ഇക്കുറി ശബരിമല മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിൽ 357.47 കോടി രൂപ വരുമാനം ലഭിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത് അറിയിച്ചു. ഇത്തവണ വരുമാനം 300 കോടി കടക്കുമെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു. ഈ വർഷം 10.35 കോടിയുടെ വർദ്ധനവുണ്ടായി. കാണിക്ക എണ്ണിക്കഴിഞ്ഞിട്ടില്ല. കാണിക്ക 10 കോടിയെങ്കിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

അരവണ വിൽപനയിലൂടെ 146.99 കോടിയും അപ്പം വിൽപനയിലൂടെ 17.64കോടിയും ലഭിച്ചു . 50 ലക്ഷം ഭക്തരാണ് എത്തിയത്. കഴിഞ്ഞ സീസണിൽ 44 ലക്ഷമായിരുന്നു.

കണക്കുകളിൽ പൊരുത്തക്കേട്

അതേസമയം, ദേവസ്വം ബോർഡ് പുറത്തുവിട്ട കണക്കുകളിൽ പൊരുത്തക്കേടുണ്ട്. കഴിഞ്ഞ വർഷത്തെ വരുമാനം 347.12 കോട‌ിയെന്നാണ് പ്രസിഡന്റ് പറഞ്ഞത്. 403 കോടിയെന്നാണ് അന്നത്തെ പ്രസിഡന്റ് കെ. അനന്തഗോപൻ അറിയിച്ചത്. കാണിക്ക, വഴിപാട് വരുമാനം 371 കോടിയും കുത്തക ലേലം വരുമാനം 32കോടിയുമായിരുന്നു. കഴിഞ്ഞ സീസണിൽ 44ലക്ഷം തീർത്ഥാടകർ ദർശനം നടത്തിയെന്നാണ് ഇന്നലെ പ്രസിഡന്റ് പറഞ്ഞത്. 65ലക്ഷമെന്നാണ് മുൻ പ്രസിഡന്റ് പറഞ്ഞത്.

'' എല്ലാ വകുപ്പുകളുടെയും ഏകോപനത്തിലൂ‌ടെ ഇത്തവണത്തെ തീർത്ഥാടനം ഭം​ഗിയായി പൂർത്തിയാക്കി. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള വ്യാജപ്രചാരണങ്ങളെയെല്ലാം അതിജീവിച്ചു.

പി.എസ് പ്രശാന്ത്, ദേവസ്വം ബോർഡ് പ്രസിഡന്റ്.