aban
നിർമ്മാണം നടക്കുന്ന അബാൻ മേൽപ്പാലം

പത്തനംതിട്ട : അബാൻ മേൽപ്പാലത്തിന്റെ സർവീസ് റോഡ് നിർമ്മാണം തുടങ്ങി. അഞ്ചര മീറ്ററിലാണ് റോഡ് നിർമ്മിക്കുന്നത്. പ്രൈവറ്റ് ബസ് സ്റ്റാൻ‌ഡിന് സമീപം റിംഗ് റോഡ് മുതലാണ് റോഡ് ആരംഭിക്കുന്നത്. 611.8 മീറ്ററാണ് മേൽപ്പാതയുടെ മാത്രം നീളം. മേൽപ്പാലത്തിന്റെ ഇരുപത് സ്ലാബുകളിൽ നാല് എണ്ണത്തിന്റെ നിർമ്മാണം കഴിഞ്ഞു. ഒരു മാസത്തോളം സമയമെടുക്കും ഒരു സ്ലാബ് നിർമ്മാണം പൂർത്തിയാകാൻ. നിർമ്മാണം തടസമില്ലാതെ നടന്നാൽ ഒരു വർഷംകൊണ്ട് പൂർത്തീകരിക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്.

സ്ഥലം ഏറ്റെടുപ്പിന്റെ സാങ്കേതിക നടപടികൾ ഇനിയും പൂർത്തിയാകാനുണ്ടെങ്കിലും അതൊന്നും സർവീസ് റോഡിന്റെ നിർമ്മാണത്തെ ബാധിക്കരുതെന്ന് മന്ത്രി വീണാ ജോർ‌ജ് നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് പണി നടക്കുന്നതനുസരിച്ചാണ് ഫണ്ട് ലഭിക്കുക.

സ്റ്റാൻഡിന് മുമ്പിലുള്ള ഭാഗം ഒഴിച്ചിട്ടാണ് അബാൻ മേൽപ്പാലത്തിന്റെ സ്ലാബ് നിർമ്മാണം നടക്കുന്നത്. പ്രൈവറ്റ് ബസ് സ്റ്റാൻഡ് യാർഡിന്റെ പണി നടക്കുന്നതിനാൽ നഗരസഭ ആവശ്യപ്പെട്ടതനുസരിച്ച് ബസ് കയറി ഇറങ്ങിപ്പോകുന്ന ഭാഗങ്ങൾ ഒഴിച്ചിടും. സ്റ്റാൻഡിന്റെ നിർമ്മാണത്തിന് ശേഷമേ ഇവിടെ സ്ലാബുകൾ സ്ഥാപിക്കു. അല്ലാത്ത പക്ഷം വാഹനങ്ങൾ സ്റ്റാൻഡിലേക്ക് കയറാനോ ഇറങ്ങാനോ സാധിക്കില്ല.അബാൻ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം ഇതുവരെ നടന്നിട്ടില്ല. പാലം നിർമ്മാണത്തിനുള്ള അനുമതിയായെങ്കിലും സാമൂഹിക ആഘാത പഠനം കൂടി പൂർത്തീകരിച്ചെങ്കിൽ മാത്രമേ പാലത്തിന്റെ ബാക്കി പണി പൂർത്തിയാക്കാൻ സാധിക്കു. 2016ലെ പദ്ധതിയാണിത്.

പണം അടച്ചു, പണി തുടങ്ങിയില്ല

അബാൻ മേൽപ്പാലത്തിന്റെയും സർവീസ് റോഡിന്റെയും നിർമ്മാണത്തിന് മുമ്പ് കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി ജോലികൾ പൂർത്തീകരിക്കേണ്ടതുണ്ട്. നിലവിൽ നിർമ്മാണം നടക്കുന്നതനുസരിച്ച് കെ.എസ്.ഇ.ബി പോസ്റ്റും ലൈനും മാറ്റി സ്ഥാപിക്കും. കെ.എസ്.ഇ.ബിയ്ക്ക് മൂന്ന് കോടി രൂപ ഇതിനായി അടച്ചിട്ടുമുണ്ട്. അവർ പണി തുടങ്ങി. വാട്ടർ അതോറിട്ടിക്ക് ഒരു കോടി രൂപ അടച്ചിട്ടുണ്ടെങ്കിലും അവർ ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

കെ.എസ്.ഇ.ബിക്ക് 3 കോടി

വാട്ടർ അതോറിട്ടിക്ക് 1 കോടി