c

പത്തനംതിട്ട: അഞ്ച് വർഷം മുൻപ് പ്രഖ്യാപിച്ച ഭരണിക്കാവ് - മുണ്ടക്കയം ദേശീയപാത 183എയുടെ വികസനം അനിശ്ചിതത്വത്തിൽ. വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കാൻ കരാർ എടുത്ത മുംബയ് ആസ്ഥാനമായ സ്റ്റുപ്പ് കൺസൾട്ടൻസ് ദേശീയ പാത അതോറിറ്റിക്ക് റിപ്പോർട്ട് നൽകാൻ വൈകുന്നതാണ് കാരണം. കമ്പനിക്ക് പല തവണ ദേശീയ പാത (എൻ.എച്ച്) അധികൃതർ നോട്ടീസ് നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് എൻ.എച്ച് വിഭാഗം കത്തു നൽകി.

കഴിഞ്ഞ ഒക്ടോബറിലാണ് ഡി.പി.ആർ സമർപ്പിക്കേണ്ടിയിരുന്നത്. നവംബറിലും ഡിസംബറിലും ഇൗ മാസവും കമ്പനിക്ക് ദേശീയപാത വിഭാഗം നോട്ടീസ് അയച്ചെങ്കിലും നടപടിയുണ്ടായില്ല.

ഡി.പി.ആർ സമർപ്പിക്കാനുള്ള സമയപരിധി ആറുമാസത്തിന് മുൻപ് കഴിഞ്ഞിരുന്നു. റോഡ് വികസനത്തിനായി ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ സർവേ നമ്പരുകൾ റവന്യു വകുപ്പിൽ നിന്ന് ലഭിക്കാതിരുന്നതിനാൽ സമയം ഒക്ടോബറിലേക്ക് നീട്ടി. ഇതേ തുടർന്ന് ദേശീയപാത വിഭാഗം റവന്യു വകുപ്പിന് കത്തു നൽകിയതിനാൽ സർവേ നമ്പരുകൾ ലഭിച്ചു. ഇതുപയോഗിച്ചുള്ള വിശദ പദ്ധതി റിപ്പോർട്ടാണ് കൺസൾട്ടൻസി നൽകേണ്ടത്. റിപ്പോർട്ട് ഗസറ്റിൽ വിജ്ഞാപനം ചെയ്ത് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും പരാതികളും സമർപ്പിക്കാൻ അവസരമുണ്ട്. പരാതികൾ പരിഹരിച്ചുവേണം അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ. ഒരു വർഷത്തിനുള്ളിൽ സ്ഥലം ഏറ്റെടുത്ത് മൂന്ന് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതി

എം.പിയെന്ന നിലയിൽ ആന്റോ ആന്റണിയുടെ പ്രധാന പദ്ധതികളിലൊന്നാണ് ദേശീയപാത 183 എ വികസനം.

ഭരണിക്കാവ് - മുണ്ടക്കയം 116 കിലോമീറ്റർ

വീതി 16 മീറ്റർ , രണ്ടുവരി പാത

ബൈപ്പാസുകൾ 30 മീറ്റർ, നാല് വരി

2018-19ൽ അംഗീകരിച്ച ചെലവ് 1600 കോടി

------------------------

'' ഡി.പി.ആർ ഉടൻ സമർപ്പിക്കുമെന്നാണ് അറിയുന്നത്. സ്ഥലം ഏറ്റടുത്താലുടൻ റോഡ് വികസനം ആരംഭിക്കും.

ആന്റോ ആന്റണി എം.പി