ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവം പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ഇന്ന് പുലർച്ചെ രാജപ്രതിനിധിയുടെ നേതൃത്വത്തിൽ നടക്കേണ്ട ആചാരപരമായ ചടങ്ങുകൾ ഉണ്ടാകില്ല.

പന്തളം കൊട്ടാരത്തിലെ അംഗം മരിച്ചിരുന്നു. അശുദ്ധിമൂലം രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ചിരുന്നില്ല.

ഇന്നലെ ഗുരുതിക്കും മറ്റ് ചടങ്ങുകൾക്കും നേതൃത്വം നൽകിയത് പന്തളം കൊട്ടാരം നിർവഹക സമിതി പ്രസിഡന്റ് എൻ. ശങ്കരവർമ്മ, സെക്രട്ടറി എം.ആർ സുരേഷ് വർമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള രാജകുടുംബാംഗങ്ങളാണ്. ഇന്നലെ മാളികപ്പുറത്തെ മണിമണ്ഡപത്തിന് മുന്നിൽ വലിയ ഗുരുതി നടന്നു. ഇന്ന് പുലർച്ചെ 5ന് നടതുറക്കും. 5.30ന് തിരുവാഭരണം തിരിച്ചെഴുന്നെള്ളിക്കും. ഇതിനുശേഷം പന്തളം കൊട്ടാര അംഗങ്ങൾ മാത്രം ദർശനം നടത്തും. തുടർന്ന് അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയുമണിയിച്ച് യോഗനിദ്ര യിലാക്കി നടയടയ്ക്കും. കൊട്ടാരം പ്രതിനിധികൾക്കൊപ്പം തിരുവാഭരണ ഘോഷയാത്ര പന്തളത്തേക്ക് മടങ്ങും.