puspamela
തിരുവല്ല പുഷ്പമേള

തിരുവല്ല: പൂക്കളുടെ വർണ്ണരാജികൾ വിരിയിച്ച് തിരുവല്ലയിൽ പുഷ്‌പോത്സവത്തിന് തിരക്കേറി. അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ മൈതാനിയിലാണ് പുഷ്‌പോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജൂബി പീടിയേക്കൽ, ഷാജി തിരുവല്ല, ഷീല വർഗീസ്, ജോയി ജോൺ, അഡ്വ.ആർ. സനൽകുമാർ, എം.പി. ഗോപാലകൃഷ്ണൻ, അഡ്വ.കെ.ജി.രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഊട്ടി മാതൃകയിലാണ് വൈവിദ്ധ്യമാർന്ന പൂക്കളുടെ ശേഖരം ഒരുക്കിയിട്ടുള്ളത്. 25000 ചതുരശ്ര അടി വിസ്തൃതിയിലാണ് പുഷ്പ-ഫല-സസ്യങ്ങളുടെ പ്രദർശനവും വിപണനവും സജ്ജമാക്കിയിരിക്കുന്നത്. നൂറിൽപരം എ.സി, നോൺ എ.സി. സ്റ്റാളുകൾ, മെഡിക്കൽ കോളേജ് പവലിയൻ, മുതിർന്നവർക്കും കുട്ടികൾക്കും ആസ്വദിക്കാനുള്ള അമ്യൂസ്മെന്റ് പാർക്ക്, കുടുംബശ്രീ ഫുഡ് കോർട്ട്, പൂക്കളുടെ വർണ്ണക്കൂടാരത്തിലെ സെൽഫി കോർണർ, വിദേശരാജ്യങ്ങളിൽ നിന്നുള്ള എക്സോട്ടിക് ആനിമൽസ് ആയ ആഫ്രിക്കൻ ബോൾ പൈത്തൽ, മക്കാവു, കോക്കട്ട, ഷുഗർ ഗ്ലൈഡർ, മെക്‌സിക്കൻ ഇഗ്വാന എന്നിവയോടൊപ്പമുള്ള സെൽഫി പോയിന്റുകൾ എന്നിവയെല്ലാം മേളയിൽ എത്തുന്നവരെ ആകർഷിക്കുന്നു. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉദ്യാന മത്സരം, വീട്ടമ്മമാർക്ക് പ്രത്യേക മത്സരം, സ്ത്രീകൾക്ക് കേശാലങ്കാര മത്സരം, മികച്ച പച്ചക്കറി തോട്ടം, ശ്വാന പ്രദർശനം, മികച്ച കർഷകനും ക്ഷീര കർഷകനും അവാർഡുകളും മേളയോടനുബന്ധിച്ച് നൽകും. ദിവസവും രാവിലെ 11 മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ വിവിധ കലാകാരന്മാരുടെ വിസ്മയ പ്രകടനങ്ങളും മെഗാഷോയും അരങ്ങേറുന്നു. ഇന്ന് വൈകിട്ട് സൊസൈറ്റി സ്ഥാപക അംഗങ്ങളെ ആദരിക്കുന്ന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പുഷ്പമേള 28ന് സമാപിക്കും.