a

പന്തളം: തിരുവാഭരണഘോഷയാത്രാ സംഘം ഇന്ന് ശബരിമലയിൽ നിന്ന് പന്തളത്തേക്ക് മടക്കയാത്ര തുടങ്ങും . നടയടച്ചശേഷമാണ് ആഭരണപ്പെട്ടികൾ ശിരസിലേറ്റി മലയിറങ്ങുന്നത്. രാവിലെ ആറിന് ശബരിമലയിൽ നിന്ന് പുറപ്പെട്ട് പമ്പയിലെത്തി പ്രഭാത ഭക്ഷണത്തിനുശേഷം പരമ്പരാഗത കാനനപാതയിലൂടെയാണ് മടക്കം. പമ്പയിൽ നിന്ന് കൊച്ചുപമ്പ, ചെറിയാനവട്ടം, വലിയാനവട്ടം വഴി അട്ടത്തോട്ടിലെത്തി വിശ്രമിക്കും. തുടർന്ന് ഇലവുങ്കൽ, ചെളിക്കുഴി, ളാഹ വനം വകുപ്പ് സത്രത്തിലാണ് ആദ്യ ദിവസം താവളമടിക്കുന്നത്.
22ന് പുലർച്ചെ ആറിന് ളാഹയിൽ നിന്ന് തിരിക്കുന്ന സംഘം സ്രാമ്പിക്കൽ, പെരുനാട് വഴി പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിലെത്തും. ഇവിടെ ആഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദർശന സൗകര്യം ഉണ്ടാകും. ഇവിടെ രാത്രി തങ്ങുന്ന സംഘം 23ന് പുലർച്ചെ മൂന്നിന് യാത്രതിരിക്കും. വടശ്ശേരിക്കര, ചെറുകോൽ, അയിരൂർ പുതിയകാവ്, പാമ്പാടിമൺ വഴി ആറന്മുള കൊട്ടാരത്തിലാണ് അന്ന് വിശ്രമം.
24ന് പുലർച്ചെ നാലിന് പന്തളത്തേക്ക് പുറപ്പെടും. കിടങ്ങന്നൂർ, പൈവഴി, കുളനട ദേവീ ക്ഷേത്രം, പന്തളം വലിയപാലം വഴി സ്വീകരണങ്ങളേറ്റുവാങ്ങി പന്തളം കൊട്ടാരത്തിൽ എത്തിച്ചേരും. ആഭരണപ്പെട്ടികൾ ദേവസ്വം ബോർഡധികാരികളിൽ നിന്ന് കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾ ഏറ്റുവാങ്ങി സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ വയ്ക്കും. പന്തളം കൊട്ടാരം കുടുംബാഗം അംബികത്തമ്പുരാട്ടിയുടെ നിര്യാണത്തെത്തുടർന്ന് ആശൂലമായതിനാൽ ഇത്തവണ രാജപ്രതിനിധിക്ക് തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പം ശബരിമലയിലേക്ക് പോകുവാനായില്ല. രാജപ്രതിനിധി പങ്കെടുക്കേണ്ട ആചാരപരമായ ചടങ്ങുകൾ വേണ്ടെന്നുവച്ചിരുന്നു. 17ന് അശുദ്ധി കഴിഞ്ഞതിനാൽ കൊട്ടാരം കുടുംബാംഗങ്ങൾ കളഭാഭിഷേകത്തിലും കുരുതിയുലും പങ്കെടുത്തു.

ഇനി ദർശനം കുംഭമാസത്തിലെ ഉത്രത്തിന്

സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിക്കുന്ന തിരുവാഭരണങ്ങൾ അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനാണ് പിന്നീട് ദർശനത്തിനായി പുറത്തെടുക്കുന്നത്. അന്ന് തിരുവാഭരണങ്ങൾ പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തും. മേടമാസത്തിലെ വിഷുവിനും ഇവിടെ തിരുവാഭരണച്ചാർത്തുണ്ടാകും