പത്തനംതിട്ട : ഉന്നത വിജയത്തിന് മികവാർന്ന പഠനം ആവശ്യമാണെന്ന് ജില്ലാ പൊലീസ് മേധാവി വി.അജിത് പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം ഭാവി എങ്ങനെയായിരിക്കണമെന്ന് കുട്ടികൾക്ക് തന്നെ ഒരു ധാരണ ഉണ്ടായിരിക്കണം. അദ്ധ്യാപകരും വിദ്യാർത്ഥികളുമായി നല്ലൊരു ആത്മ ബന്ധം കാത്തുസൂക്ഷിക്കണം. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കാൻ അദ്ധ്യാപകരും രക്ഷാകർത്താക്കളും പ്രത്യേകം ശ്രദ്ധിക്കണം. മലയാളം, ഇംഗ്ളീഷ് പത്രങ്ങൾ സ്ഥിരമായിവായിക്കുന്നതിലൂടെ കുട്ടികളുടെ മാനസിക അടിത്തറ മെച്ചപ്പെടുത്താൻ കഴിയും. അലസത മാറ്റി വെച്ച് മുന്നോട്ട് പോയാൽ എല്ലാ കുട്ടികൾക്കും മികച്ച വിജയം നേടാൻ കഴിയും. അവാർഡുകൾ മികവിനുള്ള പ്രോത്സാഹനങ്ങളാണ്. ഇതിലൂടെ കൂടുതൽ ഉത്തരവാദിത്വ ബോധം ഉണ്ടാകണം. വിദ്യാഭ്യാസത്തിന് പ്രായം ഒരു പ്രശ്നമല്ലെന്നും അറിവ് നേടുന്നതിനൊപ്പം മാനസിക ശക്തി വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്ക് പഠനം ഒരു ലഹരിയാകണമെന്ന് അദ്ദേഹം പറഞ്ഞു. വിജയങ്ങളിൽ നിന്നും കൂടുതൽ മികച്ച വിജയങ്ങളിലേക്ക് കുതിച്ചുകയറാൻ ഓരോ കുട്ടികൾക്കും കഴിയണം. പഠനവും വിജയവും ഒരു മത്സര ബുദ്ധിയോടെ കൊണ്ടുപോകണം. പഠനത്തിനൊപ്പം കലാ, കായിക രംഗങ്ങളിലും മികവ് പുലർത്തണം. വിദ്യകൊണ്ട് പ്രബുദ്ധരാകാനുള്ള ഗുരുവചനം ഉൾക്കൊണ്ടാണ് വിദ്യാഭ്യാസ മേഖലയിൽ യൂണിയന്റെ മികവാർന്ന പ്രവർത്തനം. മികച്ച ഇംഗ്ളീഷ് വിദ്യാഭ്യാസം നൽകുന്ന കോന്നി എസ്. എൻ പബ്ളിക് സ്കൂളും എഡ്ഡഡ് മേഖലയിൽ എസ്.എ.എസ് എസ്.എൻ.ഡി.പി യോഗം കോളേജും ഉൾപ്പടെ നിരവധിവിദ്യാഭ്യാസ സ്ഥാപനങ്ങൾ യൂണിയന് കീഴിലുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ, കലാ, കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് സാദ്ധ്യമായതന്നെല്ലാം ചെയ്യുമെന്നും ഇതിന് എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും എല്ലാ പിൻതുണയും യൂണിയന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ സെക്രട്ടറി ഡി.അനിൽ കുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസി. സെക്രട്ടറി ടി.പി.സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സി.എൻ.വിക്രമൻ, കോന്നി ഡിവൈ.എസ്.പി രാജപ്പൻ റാവുത്തർ, എസ്.എൻ. പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ സിന്ധു പവിത്രൻ, യൂണിയൻ കൗൺസിലർമാരായ ജി. സോമനാഥൻ, പി.സലിംകുമാർ, പി.കെ. പ്രസന്നകുമാർ, കെ.എസ്.സുരേശൻ, എസ്.സജിനാഥ്, പി.വി.രണേഷ്, മൈക്രോഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരളാ പുരുഷോത്തമൻ, യൂത്ത്മൂവ്മെന്റ് സംസ്ഥാന ജോയിന്റ് കൺവീനർ ശ്രീജു സദൻ, യൂണിയൻ കൺവീനർ എസ്. ഹരിലാൽ, എംപ്ളോയീസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.സജീവ് കുമാർ, യൂണിയൻ സെക്രട്ടറി എസ്.സുധീഷ്, പ്രസിഡന്റ് ബി.സുധീപ്, വൈദിക യോഗം യൂണിയൻ കൺവീനർ ബീനാ സജിനാഥ് ,സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം സുരേഷ് ചിറ്റലക്കാട് തുങ്ങിയവർ പ്രസംഗിച്ചു.