balasramam
പാണ്ടനാട് കൃഷ്ണപ്രിയ ബാലാശ്രമത്തിൽ കനാൽ വെള്ളം കവിഞ്ഞു കയറിയനിലയിൽ

ചെങ്ങന്നൂർ: പാണ്ടനാട് കൃഷ്ണപ്രിയ ബാലാശ്രമത്തിലെ അന്തേവാസികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കി കനാൽ വെള്ളം ബാലാശ്രമത്തിനുള്ളിൽ കയറി. കനാലിലെ വെള്ളം കര കവിഞ്ഞ് ഒഴുകി ബാലാശ്രമത്തിന്റെ കോമ്പൗണ്ടിലും, ഭക്ഷണ ഹാളിലും ഉൾപ്പടെ വെള്ളം കയറുകയും, കിണറ്റിലെ വെള്ളത്തിൽ കലരുകയും ചെയ്തു. വർഷങ്ങളായി ഈ സ്ഥിതി തുടരുകയാണ്. കഴിഞ്ഞ വർഷവും, പഞ്ചായത്ത് പ്രസിഡന്റ് , ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, കളക്ടർ, എംഎൽഎ എന്നിവർക്കെല്ലാം പരാതി അയച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കോളിഫോം ബാക്ടീരിയ ഉൾപ്പടെയുള്ള പമ്പയാറ്റിലെ മലിനമായ ജലം കിണർ വെള്ളത്തിൽ കലരുന്നത് മൂലം അന്തേവാസികൾക്ക് സ്ഥിരമായി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ബാലാശ്രമത്തിന്റെ പ്രവേശന കവാടത്തിൽ തടയണ നിർമ്മിച്ച് വെള്ളം സമീപത്തെ പറമ്പിലേക്ക് ഒഴുക്കി കളയാൻ വേണ്ട സജ്ജീകരണങ്ങൾ നിർമ്മിച്ചെങ്കിലും കനാലിന്റെ ശേഷിയിലും കൂടുതൽ ജലം പമ്പ് ചെയ്യുന്നതു മൂലം ഈ വർഷം കൂടുതൽ വെള്ളം കയറുന്ന അവസ്ഥയിലാണ്. ഓർഫനേജ് കൺട്രോൾ ബോർഡ്, ജുവനൈൽ ജസ്റ്റിസ് തുടങ്ങിയവയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ 20 കുട്ടികളും, ആറുജീവനക്കാരുമുണ്ട്. മുഖ്യമന്ത്രി, ജലസേചന മന്ത്രി, ആരോഗ്യ മന്ത്രി, എം.എൽ.എ, കളക്ടർ, ബാലാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, ഓർഫനേജ് കൺട്രോൾ ബോർഡ്, ജുവനൈൽ ജസ്റ്റിസ് വകുപ്പ് എന്നിവർക്ക് വീണ്ടും പരാതി നൽകി കാത്തിരിക്കുകയാണ് സ്ഥാപന അധികാരികൾ.