ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ അദ്ധ്യക്ഷ സൂസമ്മ ഏബ്രഹാം രാജിവച്ചു. കോൺഗ്രസിലെ ധാരണ പ്രകാരമാണ് രാജി. മുൻ ചെയർപേഴ്‌സണും 15ാം വാർഡ് കൗൺസിലറുമായ ശോഭാ വർഗീസ് പുതിയ ചെയർപേഴ്‌സണാകും. നിലവിലെ വൈസ് ചെയർമാൻ മനീഷ് കീഴാമഠത്തിൽ ആക്ടിംഗ് ചെയർമാനാകും. പുതിയ ചെയർപേഴ്‌സണെ തെരഞ്ഞെടുക്കുന്നതോടെ വൈസ് ചെയർമാൻ മനീഷ് കീഴാമഠത്തിലും രാജി സമർപ്പിക്കും. മുൻ ചെയർമാനും 23ാം വാർഡ് കൗൺസിലറുമായ കെ.ഷിബുരാജൻ വൈസ് ചെയർമാനാകും. ഇതോടെ കോൺഗ്രസിലെ ധാരണ പ്രകാരമുള്ള ഭരണ മാറ്റങ്ങൾ പൂർണമാകും. ആകെയുള്ള 27 കൗൺസർമാരിൽ യു.ഡി.എഫ് 16, ബി.ജെ.പി 7, എൽ.ഡി.എഫ് 3, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫിൽ 12 പേർ കോൺഗ്രസ് അംഗങ്ങളാണ്. ഇവർക്കെല്ലാം സ്ഥാനമാനങ്ങൾ ലഭിക്കുന്ന തരത്തിലായിരുന്നു കോൺഗ്രസിലെ ധാരണ. ചെയർപേഴ്‌സണായി ശോഭ വർഗീസും വൈസ് ചെയർമാനായി കെ.ഷിബുരാജനും തെരഞ്ഞെടുക്കുന്നതോടെ നഗരസഭയിലെ ഭരണമാറ്റങ്ങൾ പൂർണ്ണമാകും. കോൺഗ്രസിലെ 12 കൗൺസിലർമാർക്കും യാതൊരു തർക്കത്തിനും ഇടനൽകാതെ നിർദ്ദിഷ്ട സമയ ക്രമങ്ങൾക്കുള്ളിൽ ഭരണമാറ്റ നടപടികൾ കോൺഗ്രസ് നേതൃത്വത്തിന് പൂർത്തീകരിക്കാനും കഴിഞ്ഞു.