
പത്തനംതിട്ട : മണ്ണെണ്ണയൊഴിച്ചുനിന്ന ഭാര്യയുടെ ശരീരത്തിലേക്ക് തീപ്പെട്ടി ഉരച്ചിട്ട് കത്തിച്ച സംഭവത്തിൽ ഭർത്താവിന് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് രണ്ട് കോടതി ജഡ്ജി പി.പി പൂജയുടേതാണ് വിധി. ആറന്മുള ഇലന്തൂർ മേക്ക് പുളിന്തിട്ട ഗോപസദനം വീട്ടിൽ ഷീലാകുമാരി (45)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഗോപകുമാറിനാണ് (പൊടിയൻ) ശിക്ഷ ലഭിച്ചത്.പിഴയടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു വർഷം കഠിനതടവ് കൂടുതൽ അനുഭവിക്കണം.
2016 ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് 1.45നാണ് കേസിനാസ്പദമായ സംഭവം . ഇരുവരും തമ്മിൽ വഴക്കിടുന്നതും ഷീലാകുമാരിയെ ഗോപകുമാർ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതും പതിവായിരുന്നു. ഇത്തരത്തിൽ വഴക്കുണ്ടായതിനെതുടർന്ന്, വീട്ടിൽ നിന്നിറങ്ങിപ്പോകാൻ ഗോപകുമാർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് അടുക്കളയിലെ കുപ്പിയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെടുത്ത് ഷീല ദേഹത്തൊഴിച്ചു. അടുത്തുനിന്ന ഗോപകുമാർ തീപ്പെട്ടിക്കൊള്ളി ഉരച്ച് ഇവരുടെ ദേഹത്തേക്കിട്ടു. ശരീരമാകെ തീ പടർന്നതോടെ ഷീല രക്ഷപ്പെടാൻ അടുക്കളവാതിലിലൂടെ മുറ്റത്തേക്ക് ഓടിയെങ്കിലും ഗോപകുമാർ പിന്തുടർന്ന് വീണ്ടും തീപ്പെട്ടിക്കൊള്ളി കത്തിച്ച് ശരീരത്തിലേക്കിട്ടു. മാരകമായി പൊള്ളലേറ്റ ഷീല ആശുപത്രിയിൽ ചികിത്സയ്ക്കിടെ കഴിഞ്ഞ വർഷം മാർച്ച് ഒന്നിന് മരിച്ചു. പ്രതിയെ ആറന്മുള പൊലീസ് സംഭവത്തിന്റെ പറ്റേന്ന് പിടികൂടിയിരുന്നു. കേസ് രജിസ്റ്റർ ചെയ്തത് അഡിഷണൽ എസ്.ഐ വി.എസ് വിത്സനും, പ്രാഥമിക അന്വേഷണം നടത്തിയത് അന്നത്തെ എസ്.ഐ അശ്വിത്ത് എസ് കാരാന്മയിലും, അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കോഴഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന എസ്.വിദ്യാധരനുമായിരുന്നു. ഗാർഹിക പീഡനത്തിനും വധശ്രമത്തിനും രജിസ്റ്റർ ചെയ്ത കേസിൽ, അന്വേഷണം പൂർത്തിയാക്കി ഗാർഹികപീഡനത്തിനും കൊലപാതകത്തിനുമാണ് പൊലീസ് കുറ്റപത്രം നൽകിയത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സന്ധ്യ ടി.വാസു ഹാജരായി.