തിരുവല്ല: പിഴകൾ പൊറുക്കാൻ പ്രാർത്ഥിച്ച് മംഗളഭൈരവി തുള്ളി ഒഴിഞ്ഞതോടെ മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിലെ വലിയപടയണി സമാപിച്ചു. ആകാശത്ത് കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ചെണ്ടമേളത്തിന്റെയും ചൂട്ടിന്റെയും അകമ്പടിയോടെ കോലം എതിരേറ്റു. കുറ്റൂർ ഭൈരവി പടയണി സംഘം ആചാര്യൻ പ്രസന്നകുമാറിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടത്തിയത്. ഉണ്ണികൃഷ്ണൻ, സുരേഷ്‌കുമാർ, ശ്രേയസ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. മതിൽഭാഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് ശ്രീകുമാർ കൊങ്ങരേട്ട്, സെക്രട്ടറി ശ്രീകുമാർ ചെമ്പോലിൽ, വൈസ് പ്രസിഡന്റ് ആർ.പി.ശ്രീകുമാർ, ജിതീഷ്, രാജശേഖരൻ, വിനോദ്കുമാർ, ഗണേഷ് തുടങ്ങിയവർ നേതൃത്വം നൽകി.