പത്തനംതിട്ട: ആസ്തി വികസന ഫണ്ട് ചെലവഴിച്ച് നടത്തുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിച്ചില്ലെങ്കിൽ പിഴവ് വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് അവലോകനയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഫയലുകൾ നീക്കുന്നതിൽ വകുപ്പുതല ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള കാലതാമസം ശിക്ഷാർഹമാണെന്നും ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അടൂർ ഗാന്ധി പാർക്കിന്റെ നവീകരണപ്രവർത്തങ്ങൾക്ക് തദ്ദേശ സ്വയംഭരണവകുപ്പിനെ ചുമതലപ്പെടുത്തി. പ്രവർത്തി പൂർത്തികരിക്കുന്നതിന് വസ്തുവിന്റെ ഉപയോഗാനുമതി റവന്യു വകുപ്പ് തദ്ദേശസ്വയം ഭരണ വകുപ്പിന് കൈമാറാനും യോഗത്തിൽ തീരുമാനമായി. പാർക്കിന്റെ നടത്തിപ്പിനും തുടർപരിപാലനത്തിനും ഭരണസമിതി രൂപീകരിക്കും. അടൂർ യു.ഐ.ടി സെന്റർ കെട്ടിട നിർമ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചു. ഒരാഴ്ചക്കുള്ളിൽ നിർമ്മാണപ്രവർത്തങ്ങൾ ആരംഭിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ നിർദേശം നൽകി. കല്ലട ഇറിഗേഷൻ പ്രോജക്ട് കനാൽ റോഡിന് ഭരണാനുമതി ലഭിച്ചതായും സാങ്കേതികാനുമതി താമസിയാതെ ലഭിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ എ. ഷിബു, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബി.രാധാകൃഷ്ണൻ, എ.ഡി.സി ജി.രാജ്കുമാർ, വകുപ്പുതല ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.