മല്ലപ്പള്ളി: കമണ്ഡലു മരം മുതൽ കുരുമുളകിനമായ 'കല്ലൂപ്പാറ കൊടി' വരെ വളരുന്ന വീട്ടുവളപ്പിലെ കൃഷിയിടം കൗതുക കാഴ്ചയാകുന്നു. കല്ലൂപ്പാറ ഐക്കരപ്പടിക്കു സമീപം കൈതയിൽ മേലേമുല്ലപ്പള്ളിൽ ലെജു ഏബ്രഹാമിന്റെ തോട്ടത്തിലാണ് ഈ ജൈവവൈവിദ്ധ്യം. അപൂർവ ജനുസിൽപ്പെട്ട പക്ഷിമൃഗാദികളും ഇവിടെയുണ്ട്. രണ്ട് കമണ്‌ഡലു മരങ്ങളിലായി പത്തോളം കായകളുണ്ട്. ഫുട്‌ബാളിനേക്കാൾ വലിപ്പമുള്ള കായകളുടെ പുറന്തോടിന് ചിരട്ടയേക്കാൾ കട്ടിയുണ്ട്.
പഴയകാലത്ത് മഹർഷിമാർ വെള്ളമെടുക്കാൻ ഉപയോഗിച്ചിരുന്നത് കമണ്ഡലു മരത്തിന്റെ കായകളാണ്. മൂപ്പെത്തിയ കായകളിലെ മാംസളഭാഗം നീക്കി കട്ടിയുള്ളപുറന്തോടാണ് ഇതിന് ഉപയോഗിച്ചിരുന്നത്. ഇതിൽ ശേഖരിക്കുന്ന വെള്ളത്തിന്
ഔഷധഗുണം ഉണ്ടെന്നാണ് വിശ്വാസം. മുമ്പ് ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്ന കമണ്ഡലു മരങ്ങൾ ഇപ്പോൾ ചുരുക്കമാണ്. കായകളുടെ മാംസളഭാഗം ഫിലിപ്പീൻസ് കാരുടെ പ്രധാന ഭക്ഷണമാണ്. പഞ്ചാബിലും ഗുജറാത്തിലും ഇപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. നാലുവർഷം മുമ്പ് ഒരുസുഹൃത്ത് വഴി കാസർകോടെ നഴ്‌സറിയിൽ നിന്നാണ് ലെജു രണ്ട് കമണ്ഡലു തൈകൾ വാങ്ങിയത്.
കഴിഞ്ഞവർഷം കായിച്ചെങ്കിലും കായ്കൾ മൂപ്പത്തു മുൻപ് പൊഴിഞ്ഞുപോയി.
'കല്ലൂപ്പാറ ക്കൊടി' എന്നറിയപ്പെടുന്ന കുരുമുളകും ഇവിടെയുണ്ട്. ശക്തമായ വരൾച്ചയെ ചെറുക്കാനുള്ള കഴിവാണ് ഇതിന്റെ പ്രധാന സവിശേഷത. സാധാരണ കുരുമുളകുചെടിയുടെ ആയുസ് നാലു പതിറ്റാണ്ടിൽ താഴെയാണെങ്കിൽ കല്ലൂപ്പാറ കൊടിക്ക് നൂറ് വർഷത്തിലേറെയാണെന്നാണ് പഴമക്കാർ പറയുന്നത്
ഇരുപതിലേറെയിനം നാട്ടു മാവുകൾ, അത്രയുമിനം പ്‌ളാവുകൾ, കൊരണ്ടി, ഞാവൽ ,മൂട്ടിപ്പഴം തുടങ്ങിയ നാട്ടുപഴങ്ങൾ,വിവിധതരം ആത്തകൾ,പേരകൾ,ഓലോലികൾ,നാരകങ്ങൾ, ചാമ്പകൾ അവക്കാഡോ,പീനട്ട്കായ,അബിയു,പൂച്ചപ്പഴം , സപ്പോട്ട തുടങ്ങിയവയുമുണ്ട്.
വനത്തിലെ വൻ മരങ്ങളായ നെടുനാർ,ഇലവ്,കുളമാവ്,കറവേങ്ങ, കരിംതകര, ഈട്ടി കുമ്പിൾ,തേംപാവ് തേക്കിന്റെ അപരൻ ചടച്ചി,കടൽപാലത്തിനും റെയിൽവേ സ്‌ളീപ്പറിനും ഉപയോഗിക്കുന്ന തമ്പകം, വെള്ളിക്കോൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കരിമരം. കുന്തിരിക്കം തുടങ്ങിയവയുമുണ്ട്.
കലമാന്റെ കൊമ്പുകൾ പോലെ മുള്ളുകൾ
കലമാന്റെ കൊമ്പുകൾ പോലെ മുള്ളുകളുള്ള മൈലമരം വേറിട്ട കാഴ്ചയാണ്.
കിഴങ്ങുവിളകളായ വിവിധ ഇനം കൂവകൾ,മഞ്ഞളുകൾ, ഇഞ്ചി കൾ,കപ്പ,കാച്ചിൽ ,ചെറുകിഴങ്ങ്,വൻകിഴങ്ങ് എന്നിവയും ഇവിടെ വിളയുന്നു. ആദിവാസികൾ കൃഷിചെയ്യുന്ന ഔഷധഗുണം ഏറെയുള്ള 'മുൾകിഴങ്ങ്' ഈവർഷം വിളവെടുപ്പിന് പാകമാകുന്നു. പാലക്കാടുനിന്നാണ് വിത്ത് സംഘടിപ്പിച്ചത്.വംശനാശം നേരിടുന്ന 'വില്വാദ്രി'ഇനം നാടൻ പശുവിനെയും കാളയെയും കാണാം. ഗീർ,വെച്ചൂർ എന്നീ നാടൻ ഇനങ്ങളുമുണ്ട്.'മലബാറി'ഉൾപ്പെടെയുള്ള ആടുകളുടെ ശേഖരവുമുണ്ട്. നാടൻ കോഴി, കരിങ്കോഴി എന്നിവയെയും വളർത്തുന്നു
27 വർഷം പത്രപ്രവർത്തകനായിരുന്നു ലെജു. മികച്ചജൈവകർഷകനെന്ന നിലയിൽ കല്ലൂപ്പാറ പഞ്ചായത്ത് കർഷക ദിനത്തിൽ ആദരിച്ചിരുന്നു.