ഇലന്തൂർ : മാർക്കറ്റ് ജംഗ്ഷൻ മുതൽ ഓമല്ലൂർ അമ്പലം ജംഗ്ഷൻ വരെയുള്ള റോഡിലെ മൺകൂനകൾ അപകട ഭീഷണിയാകുന്നു. റോഡിന്റെ വശങ്ങൾ വൃത്തിയാക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തി ഉപയോഗിച്ച് പാറക്കഷ്ണങ്ങളും മണ്ണും കാട്ടുചെടികളും റോഡിലേക്ക് ഇറക്കി കൂട്ടിയിട്ടിരിക്കുകയാണ്. തിരക്കുള്ള റോഡിൽ രണ്ടു വാഹനങ്ങൾ ഒരേസമയം ഇരുവശത്തു നിന്ന് എത്തിയാൽ മൺകൂനയിൽ തട്ടും. കഴിഞ്ഞ ദിവസവും ബൈക്കും ഓട്ടോറിക്ഷയും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. റോഡിന്റെ ഇരു വശങ്ങളിലും ഇത്തരത്തിലുള്ള മൺകൂനകളുണ്ട്. ബൈക്ക് അപകടങ്ങൾ പതിവുള്ള സ്ഥലങ്ങളിലാണ് മൺകൂനകൾ ഏറെയും. ഇത് ഇരുചക്ര വാഹനയാത്രക്കാരെ വലിയ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എല്ലാ വർഷവും റോഡിന്റെ വശങ്ങൾ വൃത്തിയാക്കുന്ന പി.ഡബ്ല്യു.ഡി ഇത്തവണ ചെയ്ത ശുചീകരണത്തിന്റെ അവശേഷിപ്പാണ് മൺകൂനകൾ.
ഇലന്തൂർ, ഓമല്ലൂർ, ചെന്നീർക്കര പഞ്ചായത്തുകളിലൂടെ
കടന്ന് പോകുന്ന റോഡിലാണ് അപകട ഭീഷണി
പൈപ്പുലൈൻ കുഴിയും അപകടക്കെണി
റോഡിൽ പൈപ്പ് ലൈനിനായി എടുത്ത കുഴി മൂടാത്തതും അപകട കാരണമാണ്. മൺകൂനകളിൽ തട്ടി തെറിച്ച് പൈപ്പ് കുഴിയിൽപ്പെടുന്നവരുമുണ്ട്.
പി.ഡബ്ല്യൂ.ഡി യുടെ റോഡ് ശുചീകരണമാണ് മൺകൂനയ്ക്ക് കാരണം. ജെ.സിബി ഉപയോഗിച്ച് നീക്കിയ കാടും പടർപ്പും റോഡിന് അരികിൽ കൂട്ടിവയ്ക്കുകയായിരുന്നു.
അനിൽ
(ഇലന്തൂർ സ്വദേശി).