ചെങ്ങന്നൂർ: കൊല്ലകടവ് വള്ളക്കടവിൽ അച്ചൻകോവിലാറിനെ മലിനമാക്കി വൻതോതിൽ മാലിന്യങ്ങൾ തള്ളിയിട്ടും യാതോരു നടപടിയും എടുക്കാതെ അധികൃതർ. നാട്ടുകാർക്ക് കുടിക്കാനും കുളിക്കാനുമെല്ലാം അച്ചൻകോവിലാറിന്റെ ഈ ഭാഗം നേരത്തെ ഉപയോഗപ്രദമായിരുന്നു. പഞ്ചായത്തിലെ 15 വാർഡുകളിലേക്ക് ഈ ജലസ്രോതസിൽ നിന്നുള്ള വെള്ളമാണ് പമ്പ് ചെയ്ത് കുടിവെള്ളമായി എത്തിച്ചിരുന്നത്. വള്ളക്കടവിൽ 10 വർഷം മുമ്പ് വരെ ശുദ്ധജലമായിരുന്നു. സമീപ പ്രദേശങ്ങളിൽ നിന്ന് ചാക്കിൽ കെട്ടിയ അറവ് മാലിന്യങ്ങൾ രാത്രിയുടെ മറവിൽ ഇവിടെ നിക്ഷേപിക്കാൻ തുടങ്ങിയതോടെ ജലസ്രോതസ് മലിനപ്പെട്ടു. കൂടാതെ കൊല്ലകടവിലെയും കായംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മീൻവണ്ടിയിലെ മാലിന്യങ്ങളും ഇവിടെയാണ് പതിവായി തള്ളുന്നത്. ഇതുമൂലം അച്ചൻകോവിലാറിലെ ജലസ്രോതസ് മലിനപ്പെടുകയാണ്. ഈ ജലസ്രോതസിൽ നിന്നുള്ള വെള്ളമാണ് പമ്പ് ചെയ്ത് പഞ്ചായത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കുന്നത്. 11-ാം വാർഡും 12-ാം വാർഡും ചേരുന്ന ഭാഗത്താണ് വള്ളക്കടവ് സ്ഥിതി ച്ചെയ്യുന്നത്. അച്ചൻകോവിലാറിലേക്ക് റോഡിൽ നിന്ന് സുഗമമായി മാലിന്യങ്ങൾ തള്ളാൻ സാധിക്കും എന്നുള്ളതാണ് മീൻവണ്ടികൾ ഇവിടം തെരഞ്ഞെടുക്കാൻ കാരണം. ഇവിടെ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കാനായി നിരീക്ഷണക്യാമറകൾ സ്ഥാപിക്കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ട് യാതൊരു നടപടിയും നാളിതുവരെ ഉണ്ടായില്ലെന്ന് സ്ഥലവാസികൾ പറയുന്നു. കൊല്ലക്കടവ്‌ഫെറി റോഡിലാണ് വള്ളക്കടവ് സ്ഥിതി ചെയ്യുന്നത്. ദുർഗന്ധവും മാലിന്യപ്രശ്‌നവും കാരണം പൊറുതിമുട്ടിയ നാട്ടുകാർ നൽകിയ ഭീമഹർജിയെ തുടർന്ന് മന്ത്രി വീണാജോർജിന്റെ ഓഫീസിൽ നിന്ന് കളക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണെങ്കിലും തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് ഇവിടത്തെ മുപ്പതിലധികം കുടുംബങ്ങൾ.

........................

ഏറെക്കാലമായി ഇവിടെ മാലിന്യങ്ങൾ തള്ളാൻ തുടങ്ങിയിട്ട്. നിരവധി തവണ പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയെടുത്തില്ല. അടിയന്തരമായി പഞ്ചായത്ത് നിരീക്ഷണ ക്യാമറ ഈ ഭാഗങ്ങളിൽ സ്ഥാപിക്കേണ്ടതാണ്.
ജോർജ് മാത്യു

(പ്രദേശവാസി)