
തിരുവല്ല : പ്രവാസലോകത്തിന്റെ പിന്തുണയിൽ രണ്ടുവർഷത്തിനുള്ളിൽ 48,000 പേർക്ക് തൊഴിൽ നൽകാനുതകുന്ന വികസനരേഖ ആഗോള മലയാളി പ്രവാസ സംഗമമായ മൈഗ്രേഷൻ കോൺക്ലേവിൽ അവതരിപ്പിച്ചു. നാല് ദിവസത്തെ ചർച്ചകൾക്കൊടുവിൽ കോൺക്ലേവിന്റെ സമാപനത്തോടനുബന്ധിച്ച് എ.കെ.ജി പഠനഗവേഷണകേന്ദ്രം ഡയറക്ടർ ഡോ.ടി.എം.തോമസ് ഐസക്കാണ് വികസനരേഖ അവതരിപ്പിച്ചത്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യാൻ ഭാഷാപഠനം ഉൾപ്പെടെ പരിശീലിപ്പിച്ച് തൊഴിലന്വേഷകരെ പ്രാപ്തരാക്കും. വിജ്ഞാനകേന്ദ്രീകൃതവും നൈപുണി സാന്ദ്രവും സേവന പ്രധാനവുമുള്ള അനിയോജ്യമായ തൊഴിൽ തുറകളിലേക്ക് കോർപ്പറേറ്റ് നിക്ഷേപത്തെ ആകർഷിക്കും. ഐ.ടി,ബി.ടി, നാനോടെക്നോളജി, ഫാർമസ്യൂട്ടിക്കൽ മെഡികെയർ, ടൂറിസം എന്നീ മേഖലകൾ ലക്ഷ്യമിടുന്നു. പ്രവാസികൾ ഈ പരിവർത്തനത്തിലെ നിർണായകമായ ആദ്യകണ്ണികളായി മാറും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പിന്തുണ, നൈപുണി പരിശീലനം, സംരഭകത്വവികസനം എന്നിവയിലൂടെ ഒന്നരലക്ഷം ആദ്യസ്ഥവിദ്യരായ മലയാളികളെ ഉയർന്ന ശമ്പളനിരക്കിൽ പ്രവാസി ലോകത്തെത്തിക്കും.
പൈലറ്റ് പദ്ധതി പത്തനംതിട്ടയിൽ
പ്രവാസലോകത്തുനിന്ന് മടങ്ങിയെത്തുന്നവർ അവരുടെ അനുഭവജ്ഞാനം പകർന്നുനൽകും. പൈലറ്റ് പദ്ധതി നടപ്പാക്കാൻ കേരളത്തിൽ എറ്റവും കൂടുതൽ പ്രവാസികളുള്ള രണ്ടാമത്തെ ജില്ലയായ പത്തനംതിട്ടയെ തിരഞ്ഞെടുത്തതായി വികസനരേഖയിൽ പറയുന്നു.വയോജന സംരക്ഷണം ഉൾപ്പെടെ പരിവർത്തനത്തിനാവശമായ പദ്ധതിയുടെ ഒരു ഉപഘടക സമ്പദ്ഘടന ജില്ലാ അടിസ്ഥാനത്തിൽ തയ്യാറാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷനായി. അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സമാപനസമ്മേളനം മുൻഎം.പി എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ രാജു ഏബ്രഹാം അദ്ധ്യക്ഷനായി. ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. കെ.യു.ജെനീഷ് കുമാർ എം.എൽ.എ, ഡോ.ഇരുദയ രാജൻ, എ.പത്മകുമാർ, മാർത്തോമാ കോളേജ് പ്രിൻസിപ്പൽ ഡോ.ടി.കെ മാത്യുവർക്കി, രഘുനാഥ് ഇടത്തിട്ട, ബെന്യാമീൻ, അഡ്വ.ഫ്രാൻസിസ് വി.ആന്റണി, അഡ്വ.പീലിപ്പോസ് തോമസ് എന്നിവർ സംസാരിച്ചു. ഉന്നതവിദ്യാഭ്യാസം, സംരഭകത്വം, നൈപുണി പരിശീലനം, വയോജനസംരക്ഷണം എന്നീ വിഷയങ്ങളിൽ പ്രവാസലോകം ചർച്ചചെയ്ത വിഷയങ്ങളെ ക്രോഡീകരിച്ച് ഡോ.റാണി ആർ.നായർ, തോംസൺ കെ.അലക്സ്, ജോർജ് വർഗീസ്, വിവേക് ജേക്കബ് ഏബ്രഹാം, എസ്.പ്രദീപ് കുമാർ ഏബ്രഹാം വലിയകാല, ഡോ.പി.എസ്.ശ്രീകല, ഡോ.പി.വി.ഉണ്ണികൃഷ്ണൻ എൻ.ജഗജീവൻ, ഡോ.വിജയകുമാർ, എസ്.ആദില എന്നിവർ പ്രസംഗിച്ചു.