റാന്നി : റാന്നി പഞ്ചായത്ത് യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് കൈക്കലാക്കിയെങ്കിലും പ്രസിഡന്റിന് മാറ്റമില്ല. ബി.ജെ.പി, കോൺഗ്രസ് പിന്തുണയോടെ ആദ്യം അധികാരത്തിൽ എത്തിയ സ്വതന്ത്രൻ കെ.ആർ.പ്രകാശ് ഇന്നലെ എൽ.ഡി.എഫ് പിന്തുണയിൽ വീണ്ടും പ്രസിഡന്റായി. നാലിനെതിരെ 9 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. പ്രകാശിന്റെ പേര് ഗീതാസുരേഷ് നിർദ്ദേശിച്ചു. സന്ധ്യാദേവി പിൻതാങ്ങി. എതിർ സ്ഥാനാർത്ഥിയായ കോൺഗ്രസിന്റെ മിനി തോമസിന്റെ പേര് പ്രസന്നകുമാരി നിർദ്ദേശിച്ചു. സിന്ധു സഞ്ജയൻ പിന്താങ്ങി.
പുതുശേരിമല ഏഴാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി വിജയിച്ചതോടെയാണ് എൽ.ഡി.എഫിന് ഭരണസമിതിയിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായത്. അതോടെ സ്വതന്ത്രനായ കെ.ആർ.പ്രകാശ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയായിരുന്നു. എൽ.ഡി.എഫ് : 7 , യു.ഡി.എഫ് : 4, സ്വതന്ത്രർ : 2 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയനെതിരെ സി.പി.എം അംഗങ്ങൾ നേരത്തെ അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നു. തിങ്കളാഴ്ച രണ്ടരയ്ക്ക് അവിശ്വാസം പരിഗണിക്കാനിരിക്കേ ശനിയാഴ്ച അവർ രാജിവച്ചു.
എതിർപ്പുമായി സി.പി.ഐ ലോക്കൽ കമ്മറ്റി
റാന്നി : കോൺഗ്രസ് ബി.ജെ.പി സഖ്യത്തിന്റെ പ്രസിഡന്റായി ഭരണം നടത്തിയ ആളെ ഇടതുമുന്നണിയിൽ ആലോചിക്കാതെ പഞ്ചായത്ത് പ്രസിഡന്റാക്കിയ നടപടിയിൽ എതിർപ്പുമായി സി.പി.ഐ രംഗത്തെത്തി. ഇടതുമുന്നണി ചേരാതെ ഇത്തരം തീരുമാനം സി.പി.എം എടുത്തത് മര്യാദ അല്ലെന്നും സി.പി.ഐ ചൂണ്ടിക്കാട്ടുന്നു.
ആദ്യ തവണ കോൺഗ്രസ് മുന്നണിയുടെ ഭാഗമായി മത്സരിച്ച കെ.ആർ.പ്രകാശ് അന്ന് പരാജയപ്പെട്ടിരുന്നു. പിന്നാലെ സംഘപരിവാറിനൊപ്പം ചേർന്നതായി സമൂഹ മാദ്ധ്യമങ്ങളിൽ ചിത്രം വന്നിരുന്നു. ബി.ജെ.പി പിന്തുണയുടെ പേരിൽ ആദ്യം വിജയിച്ച ശോഭാചാർളി പ്രസിഡന്റു സ്ഥാനം രാജിവച്ചശേഷം കോൺഗ്രസ്, ബി.ജെ.പി പിന്തുണയിൽ പ്രകാശാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയച്ചതോടെ ഒറ്റയ്ക്ക് പഞ്ചായത്ത് ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനായി. തുടർന്ന് അവിശ്വാസം വരുന്നതിനു മുമ്പ് രാജി വച്ച പ്രകാശ് അപ്രതീക്ഷിതമായാണ് ഇടതു സ്ഥാനാർത്ഥിയായി ഇന്നലെ രംഗത്തു വന്നത്. കൂടാതെ ബി.ജെ.പിയുടെ ടിക്കറ്റിൽ വിജയിച്ച മന്ദിരം രവീന്ദ്രനും പ്രകാശിന് വോട്ടു ചെയ്തിരുന്നു. ഇത്തരം തെറ്റായ നടപടികൾ അംഗീകരിക്കാനാകില്ല. വിഷയം എൽ.ഡി.എഫ് ചേർന്ന് ചർച്ച ചെയ്യണമെന്നും നേതൃത്വത്തിന് പരാതി നൽകുമെന്നും സി.പി.എെ റാന്നി ലോക്കൽ സെക്രട്ടറി തെക്കേപ്പുറം വാസുദേവൻ അറിയിച്ചു.