
പത്തനംതിട്ട : മക്കളുമായുള്ള വഴക്കിനിടെ വീട്ടിൽ നിന്ന് സ്‌കൂട്ടറിൽ പുറത്തേക്ക് പോകുംവഴി പിതാവ് കുഴഞ്ഞു വീണുമരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത മകനെ പൊലീസ് വിട്ടയച്ചു. ചെന്നീർക്കര പഞ്ചായത്ത് ആറാം വാർഡിൽ വെട്ടോലിമല തുരുത്തിപ്പള്ളിയിൽ വീട്ടിൽ ദാസ് ആന്റണി (65) ആണ് മരിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണം ഹൃദയാഘാതമൂലമാണെന്ന് വ്യക്തമായതോടെയാണ് മകനെ ബന്ധുക്കൾക്കൊപ്പം വിട്ടത്. പിതാവിന്റെ മരണത്തോടെ പരിഭ്രാന്തിയിലായ മകൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ഇലവുംതിട്ട പൊലീസ് എത്തി യുവാവിനെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. മൃതശരീരം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ദാസ് ആന്റണിക്ക് മുൻപ് രണ്ടുതവണ ഹാർട്ട് അറ്റാക്ക് വന്നിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. സംസ്കാരം പിന്നീട്. ഭാര്യ: സൂസമ്മ.