തിരുവല്ല: കോമളം പാലത്തിന്റെ ഡെക്ക് സ്ലാബിന്റെ കോൺക്രീറ്റ് പ്രവർത്തികൾക്ക് തുടക്കമായി. പുറമറ്റം കരയിലെ ഒന്നാമത്തെ സ്പാനിന്റെ ഡെക്ക് സ്ലാബിന്റെ കോൺക്രീറ്റിംഗ് ജോലികൾ മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒന്നരവർഷം നിർമ്മാണ കാലാവധി നിശ്ചയിച്ചിരിക്കുന്ന പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരികയാണ്. നിലവിൽ തുരുത്തിക്കാട് ഭാഗത്തെ പൈലിംഗ് പ്രവർത്തികളും തൂണുകളുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. നദിയിലുള്ള പൈലിംഗ് പ്രവർത്തികൾ നടന്നുവരികയാണ്. 132.6 മീറ്റർ നീളവും ഇരുവശവും 1.5 മീറ്റർ നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. 2021 ഒക്ടോബറിലാണ് കല്ലൂപ്പാറ - പുറമറ്റം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം തകർന്നത്. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് മണിമലയാറ്റിൽ രൂപപ്പെട്ട ശക്തമായ ഒഴുക്കിൽ കോമളം പാലത്തിന്റെ അപ്പ്രോച്ച് റോഡ് ഉൾപ്പെടെ തകരുകയായിരുന്നു. ചടങ്ങിൽ ജിജി മാത്യു, അലക്സ് കണ്ണമല, രതീഷ് പീറ്റർ, ഷിജു കുരുവിള, ജോളി റെജി, മനുഭായി മോഹൻ, രാമചന്ദ്രൻ,റെജി പോൾ, ജോസ് കുറഞ്ഞൂർ, ജെയിംസ് വർഗീസ്, റെനി, സുനിൽ വർഗീസ്, രാജേഷ്കുമാർ, ബോബൻ ജോർജ്, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസി.എക്സിക്യുട്ടീവ് എൻജിനീയർ സുഭാഷ് കുമാർ സി.ബി, അസിസ്റ്റന്റ് എൻജിനീയർ സ്മിത ആർ, ഓവർസിയർ വിനോദ് .ജി എന്നിവർ പങ്കെടുത്തു.
........................................
132.6 മീറ്റർ നീളം
11 മീറ്റർ വീതി
1.5 മീറ്റർ നടപ്പാത