പ്രമാടം : വേനൽ കനക്കുന്ന സാഹചര്യത്തിൽ പ്രമാടം പമ്പ് ഹൗസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും പൈപ്പുപൊട്ടലുകളും ചോർച്ചകളും പരിഹരിച്ച് കുടിവെള്ള വിതരണം പരാതി രഹിതമാക്കാനും നടപടി. മറൂർ പമ്പ് ഹൗസിലെ മോട്ടോർ തകരാറും പൈപ്പുപൊട്ടലും കാരണം കുടിവെള്ള വിതരണം പ്രതിസന്ധിയിലായത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് പഞ്ചായത്തും വാട്ടർ അതോറിറ്റിയും നടപടി സ്വീകരിച്ചത്. പമ്പ് ഹൗസിലെ തകരാറിലായ മോട്ടോറുകൾ കഴിഞ്ഞ ദിവസം നന്നാക്കി. പൈപ്പുലൈനുകളിലെ പൊട്ടലും ചോർച്ചയും പരിഹരിച്ചുതുടങ്ങി.

വേനൽ കടത്തുതോടെ പ്രമാടത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ താഴ്ന്നയിടങ്ങളിൽ എത്തിയാണ് ഇപ്പോൾ കുടിവെള്ളം ശേഖരിക്കുന്നത്. ജല അതോറി​റ്റിയുടെ പൈപ്പ് വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങൾ പ്രമാടത്തുണ്ട്.

മോട്ടോർ തകരാർ പരിഹരിച്ചു

മറൂർ പമ്പ് ഹൗസിൽ മൂന്ന് മോട്ടോറുകളുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് പൂർണതോതിൽ പ്രവർത്തിച്ചിരുന്നത്. ഇത് ഉപയോഗിച്ച് തുടർച്ചയായി പമ്പിംഗ് നടത്തിയിരുന്നെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭിച്ചിരുന്നില്ല.

ഇതിന് പരിഹാരമായി തകരാറിലായിരുന്ന രണ്ട് മോട്ടോറുകൾ പ്രവർത്തന ക്ഷമമാക്കി. പൈപ്പുകൾ പൊട്ടി വെള്ളം പാഴാവുന്നത് മാസങ്ങളായുള്ള കാഴ്ചയായിരുന്നു. തകരാറുള്ളവ യഥാസമയം മാ​റ്റി സ്ഥാപിക്കാതിരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. അ​റ്റകു​റ്റപ്പണികൾ നടക്കാത്തതിനാൽ പൊതുടാപ്പുകളിലൂടെയും വ്യാപകമായി വെള്ളം നഷ്ടപ്പെട്ടിരുന്നു. ഇതിന് പരിഹാരമായി അറ്റകുറ്റപ്പണികൾ തുടങ്ങി.

പ്രതീക്ഷ 102 കോടിയുടെ പദ്ധതിയിൽ

പ്രമാടത്തിന്റെ ദാഹം അകറ്റാൻ 102 കോടി രൂപയുടെ കുടിവെള്ള പദ്ധതി ഉടൻ നടപ്പാക്കും. ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. ഉയർന്ന പ്രദേശങ്ങളായ കുളപ്പാറ, നെടുംപാറ, പടപ്പുപാറ, കൊച്ചുമല എന്നിവിടങ്ങളിൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കും. മറൂർ കുളപ്പാറ മലയിലാണ് പ്രമാടം കുടിവെളള പദ്ധതിയുടെ പ്രധാന ടാങ്ക് ഉള്ളത്. ഇത് ബലക്ഷയം നേരിടുകയാണ്. ഇതിന് സമീപത്താണ് പുതിയ ടാങ്ക് നിർമ്മിക്കുന്നത്. അച്ചൻകോവിലാ​റ്റിലെ വ്യാഴി കടവിൽ കിണർ നിർമ്മിക്കും. 9669 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.