perin-gara
പെരിങ്ങര കോസ്മോസ് ജംഗ്‌ഷന്‌ സമീപം പൈപ്പ് പൊട്ടിയൊഴുകുന്നു

തിരുവല്ല: പെരിങ്ങര കോസ്മോസ് ജംഗ്‌ഷന്‌ സമീപം പൈപ്പ് പൊട്ടി റോഡിൽ ജലപ്രവാഹം. കാവുംഭാഗം - ചാത്തങ്കരി റോഡിലാണ് ഞായറാഴ്ച രാവിലെ മുതൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നത്. രണ്ട് ദിവസം പിന്നിടുമ്പോഴും നടപടിയില്ല. വൻതോതിൽ പുറത്തേക്ക് ഒഴുകുന്ന വെള്ളം റോഡിന്റെ പലഭാഗങ്ങളിൽ കെട്ടിക്കിടക്കുകയാണ്. റോഡിൽ കിടക്കുന്ന ചെളിവെള്ളം വഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കുമെല്ലാം ദുരിതമായിരിക്കുകയാണ്. ഈ റോഡിന്റെ പലഭാഗത്തും സമാന രീതിയിൽ പൈപ്പ് പൊട്ടൽ പതിവാണ്. പെരിങ്ങര ജംഗ്‌ഷനിലും പഞ്ചായത്ത് ഓഫീസിന് മുന്നിലും ഇതുപോലെ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവാണ്. റോഡിലൂടെ ഭാരമേറിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മർദ്ദവ്യതിയാനം ഉണ്ടാകുന്നതാണ് പൈപ്പ് തകർച്ചയ്ക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്. അടുത്തകാലത്ത് അറ്റകുറ്റപ്പണികൾ നടത്തിയ റോഡിന്റെ കുറെ ഭാഗങ്ങളും വെള്ളം കെട്ടിക്കിടന്ന് തകർന്നു. കടുത്ത വേനലിൽ താലൂക്കിന്റെ പടിഞ്ഞാറൻ മേഖലകളിൽ കുടിവെള്ളം ക്ഷാമം രൂക്ഷമാകുമ്പോഴാണ് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം ഇതേരീതിയിൽ റോഡിന്റെ പലഭാഗത്തും പാഴായിക്കൊണ്ടിരിക്കുന്നത്. കുടിവെള്ള പൈപ്പുകളിൽ അടിക്കടി ചോർച്ച ഉണ്ടാകുന്നതിനാൽ പൈപ്പുകളുടെ ഗുണനിലവാരത്തിലും ആശങ്ക ഉയർന്നിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഈ പൈപ്പുകൾ പലതും കാലഹരണപ്പെട്ടതാണെന്ന ആരോപണമുണ്ട്.