അടൂർ : പ്രസരണനഷ്ടം ഗണ്യമായി കുറയ്ക്കുന്നതിനും ഇടതടവില്ലാതെ വൈദ്യുതി ഗുണഭക്താക്കൾക്ക് എത്തിക്കുന്നതിനുമായി അടൂർ , ഏനാത്ത് 66 കെ. വി. സബ്സ്റ്റേഷനുകൾ 110 കെ. വി സബ് സ്റ്റേഷനുകളായി ഉയർത്തി. ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12 ന് ഏനാത്ത് സെന്റ് കുര്യാക്കോസ് ഒാർത്തഡോക്സ് പള്ളി ഒാഡിറ്റോറിയത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എം. പി മുഖ്യാതിഥിയായിരിക്കും. 9.95 കോടി രൂപ അടങ്കൽതുക കണക്കാക്കിയ പദ്ധതി 8.50 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. 110 കെ. വി യാഥാർത്ഥ്യമായതോടെ അടൂർ നഗരസഭ, ഏഴംകുളം, പന്തളം തെക്കേക്കര, കൊടുമൺ, പള്ളിക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ 72,000 വരുന്ന ഉപയോക്താക്കൾക്കാണ് പ്രയോജനം ചെയ്യുക. നിലവിലുണ്ടായിരുന്ന അടൂർ - ഏനാത്ത് ലൈൻ 110 കെ. വി ഡബിൾ സർക്യൂട്ടായി ഉയർത്തിയും 66 കെ. വി ട്രാൻസ്ഫോർമർ മാറ്റി 110 കെ. വി നിലവാരത്തിലുള്ള 2 ട്രാൻസ്ഫോർമർ സ്ഥാപിച്ചുമാണ് 110 കെ. വിയായി ഉയർത്തിയത്. 5.20 കോടി രൂപ ചെലവഴിച്ചാണ് ഇവിടുത്തെ പദ്ധതി പൂർത്തിയാക്കിയത്. ഏഴംകുളം, ഏറത്ത്, കടമ്പനാട്, കൊല്ലം ജില്ലയിലെ പട്ടാഴി, കുളക്കട, തലവൂർ പഞ്ചായത്തുകളിലെ 56,000ത്തോളം ഉപയോക്താക്കൾക്ക് പ്രയോജനം ലഭിക്കും.