dd

പത്തനംതിട്ട: പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ വോട്ടർ പട്ടിക പുതുക്കി. ജില്ലയിൽ ആകെ 10,39,099 വോട്ടർമാരാണ് ഉള്ളത്.

2021ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 2611 വോട്ടർമാരുടെ വർദ്ധന.

കന്നി വോട്ടർമാർ : 7669. പുരുഷൻമാർ : 3885. സ്ത്രീകൾ : 3784

20 നും 60നും ഇടയ്ക്ക് പ്രായപരിധിയിൽ വരുന്ന ഏഴ് ട്രാൻസ്‌ജെൻഡേഴ്‌സുമുണ്ട്. 40 നും 49നും ഇടയ്ക്ക് പ്രായപരിധിയിലുള്ളവരാണ് ഏറ്റവും കൂടുതൽ വോട്ടർമാർ, 2,06,679 പേർ. 80 വയസ് കഴിഞ്ഞ 41,333 വോട്ടർമാരാണുള്ളത്.

കൂടുതൽ വോട്ടർമാരുളളത് ആറന്മുളയിൽ

ആറന്മുള : 2,33,888,

തിരുവല്ല : 2,09,072,

റാന്നി : 1,89,923,

കോന്നി : 1,99,862

അടൂർ : 2,06,354

1077 ബൂത്തുകൾ

2021ൽ 4,91,519 പുരുഷന്മാരും 5,44,965 സ്ത്രീകളും നാല് ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെ 10,36,488 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. ഇ.വി.എം, വിവിപാറ്റ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് വോട്ടുവണ്ടിയുടെ ജില്ലാതല ഉദ്ഘാടനം കിടങ്ങന്നൂർ എഴീക്കാട് കോളനിയിൽ നടത്തി. 2024പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്റെ ഉപയോഗം പൊതുജനങ്ങളെ പരിശീലിപ്പിക്കുന്നതിനും തിരഞ്ഞെടുപ്പിന്റെ പ്രധാന്യത്തെപ്പറ്റി ബോധവത്ക്കരിക്കുന്നതിനായി ഇ.വി.എം, വിവിപാറ്റ് ഡെമോൺസ്‌ട്രേഷൻ വാൻ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും പര്യടനം നടത്തുമെന്നും ജില്ലാ കളക്ടർ എ.ഷിബു അറിയിച്ചു. പുതുക്കിയ വോട്ടർപട്ടിക ആറന്മുള മണ്ഡലത്തിലെ ബി.എൽ.ഒയ്ക്ക് നൽകി ജില്ലാ കളക്ടർ പ്രകാശനം ചെയ്തു. ഇലക്ഷൻ ഡപ്യുട്ടി കളക്ടർ ആർ.രാജലക്ഷ്മി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ശ്രീകാന്ത് എം.ഗിരിനാഥ്, ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സഞ്ചരിക്കുന്ന വോട്ട് വണ്ടി

സഞ്ചരിക്കുന്ന വോട്ട് വണ്ടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാകളക്ടർ എ.ഷിബു നിർവഹിച്ചു. ആറന്മുള മണ്ഡലത്തിലെ കിടങ്ങന്നൂർ ഏഴിക്കാട് കോളനിയിൽ നടന്ന ചടങ്ങിൽ കളക്ടർ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനവും അദ്ദേഹം വിശദീകരിച്ചു. ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി.ടോജി അദ്ധ്യക്ഷത വഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ആറന്മുള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീനി ചാണ്ടിശേരി, ബിജു വർണശാല, ഇലക്ഷൻ ഡപ്യൂട്ടികളക്ടർ ആർ.രാജലക്ഷ്മി, ഇലക്ഷൻ ഡപ്യൂട്ടി തഹസിൽദാർ മോഹൻകുമാർ, വകുപ്പ് ഉദ്യോഗസ്ഥർ, ബിഎൽഒമാർ തുടങ്ങിയവർ പങ്കെടുത്തു.

'' തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാണെന്ന് ബോധ്യപ്പെടുന്നതിനൊപ്പം പൊതുജനങ്ങൾക്ക് വോട്ടിംഗ് യന്ത്രം കൂടുതൽ പരിചയമുണ്ടാക്കാൻ വോട്ട് വണ്ടി സഹായിക്കും.

എ.ഷിജു, ജില്ലാ കളക്ടർ