 
തിരുവല്ല: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ വിവിധ ക്ഷേത്രങ്ങളിൽ നടന്ന ആഘോഷങ്ങളിൽ ഭക്തജനങ്ങൾ പങ്കാളികളായി. തൃക്കവിയൂർ മഹാദേവക്ഷേത്രത്തിൽ വിശേഷാൽ നേദ്യവും പ്രസാദവിതരണവും ഭക്തരുടെ രാമനാമജപ ക്ഷേത്രപ്രദക്ഷിണവും നാളീകേരമുടയ്ക്കലും ഉണ്ടായിരുന്നു.
ക്ഷേത്രത്തിന് സമീപമുള്ള എൻ.എസ്.എസ്. കരയോഗം ഓഡിറ്റോറിയത്തിൽ നാമജപയജ്ഞവും പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയം സംപ്രേഷണവും നടന്നു. അയോദ്ധ്യ കർസേവകയിൽ പങ്കെടുത്ത അജിത്ത് പ്രസാദ്, എസ്.കെ.ഹരി എന്നിവരെ ധർമ്മജാഗരൺ ജില്ല പ്രമുഖ് നന്ദകുമാർ, കരയോഗം പ്രസിഡന്റ് എ.ജി.സുശീലൻ എന്നിവർ ആദരിച്ചു. തുടർന്ന് സമൂഹസദ്യയും ഉണ്ടായിരുന്നു . ശ്രീവല്ലഭ ക്ഷേത്രം, മണിപ്പുഴ ദേവിക്ഷേത്രം, തുകലശ്ശേരി ശ്രീരാമകൃഷ്ണാശ്രമം എന്നിവിടങ്ങളിൽ വിശേഷാൽ പൂജകളും മധുരവിതരണവും പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ സംപ്രേക്ഷണവും നടന്നു.
കാവുംഭാഗം എൻ.എസ്എസ്. കരയോഗം കർസേവകരെ ആദരിക്കുകയും ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യുകയും മധുരവിതരണം നടത്തുകയും ചെയ്തു. പ്രസിഡന്റ് ഗിരീഷ് രാജ്ഭവന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കഥകളി ആചാര്യൻ തലവടി അരവിന്ദൻ ഉദ്ഘാടനം ചെയ്തു. മുരളീധരൻനായർ,മനോജ്, പ്രൊഫ.രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ശ്യാം പരമേശ്വർ,തങ്കമണി നായർ, സുരേഷ് എന്നിവർ സംസാരിച്ചു.