ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ, കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളുടെ നവീകരണത്തിനു പച്ചക്കൊടി. അടുത്ത സീസണിൽ താത്കാലിക സംവിധാനത്തിലൂടെയായിരിക്കും ഇവ രണ്ടും പ്രവർത്തിക്കുക. മൂന്നുവർഷമെങ്കിലുമെടുക്കും ഇവ രണ്ടും പൂർത്തിയാകാൻ. റെയിൽവേ സ്റ്റേഷൻ കെട്ടിടം കേരളീയ വാസ്തുശില്പമാതൃകയിൽ അഞ്ചു നിലകളോടുകൂടിയാണ് പണിയുന്നത്. ഇപ്പോഴുള്ള പിൽഗ്രിം സെന്ററിന്റെ സ്ഥാനത്ത് അഞ്ചുനിലക്കെട്ടിടമാണ് വരുന്നത്. 250 കോടി ചെലഴിച്ചാണ് 90.000 ചതുരശ്ര അടി വിസ്തീർണത്തിൽ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുക. വിമാനത്താവള മാതൃകയിലാണ് ഇതിന്റെ നിർമ്മാണം. ഫെബ്രുവരി ആദ്യം കെട്ടിടം പൊളിക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഈ വർഷത്തെ തീർത്ഥാടനം അവസാനിച്ചാൽ ഉടൻ പൊളിക്കുമെന്നായിരുന്നു അധികൃതർ പറഞ്ഞത്. ആദ്യം റെയിൽവേ സംരക്ഷണസേനയുടെ കെട്ടിടമാണ് പൊളിക്കുക.
കെ.എസ്.ആർ.ടി.സി. ഡിപ്പോ പൊളിക്കാനും അനുമതിയായിട്ടുണ്ട്. 12 കോടി ചെലവഴിച്ചാണ് എം.സി.റോഡരികിൽനിന്ന് കുറച്ചുകൂടി ഉള്ളിലേക്കുമാറ്റി ഡിപ്പോ പണിയുക. കെ - റെയിൽ കോർപ്പറേഷൻ തയാറാക്കിയ രൂപരേഖപ്രകാരം ഒന്നിലധികം ബസ് ബേകൾ, ബഹുനില വാഹനപാർക്കിംഗ് സൗകര്യം, കോഫി ഷോപ്പുകൾ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.പുതിയ റെയിൽവേ, കെ.എസ്.ആർ.ടി.സി. സ്റ്റേഷനുകൾ വരുന്നതോടെ ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിന്റെ മുഖച്ഛായതന്നെ മാറും.