പത്തനംതിട്ട : ജില്ലാ കേന്ദ്രത്തിലെ പ്രധാന മത്സ്യ വിപണന കേന്ദ്രമായ നഗരസഭ മാർക്കറ്റ് നവീകരണം പൂർത്തിയാക്കി ഈ മാസം 26ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ അദ്ധ്യക്ഷനാകും. മന്ത്രി വീണാ ജോർജ്ജിന്റെ ആസ്തി വികസന പദ്ധതിയിൽ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേനയാണ് പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുള്ളത്. 5400 ചതുരശ്ര അടിയിലധികം വിസ്തൃതിയിൽ മാർക്കറ്റിനായി പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയായിട്ടുണ്ട്. കെട്ടിടത്തിൽ ഏഴ് കട മുറികളിലായി മത്സ്യ വിപണനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കി. ഇതോടൊപ്പം 19 സ്‌റ്റെയിൻലസ്സ് സ്റ്റീൽ മത്സ്യ ഡിസ്‌പ്ലേ ട്രോളികൾ,സ്‌റ്റെയിൻലസ്സ് സ്റ്റീൽ സിങ്കുകൾ, ഡ്രെയിനേജ് സൗകര്യം എന്നിവയും മാർക്കറ്റിലുണ്ടാവും. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാൻ കഴിയും വിധമാണ് മാർക്കറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വായു സഞ്ചാരം ഉറപ്പാക്കും വിധമാണ് മാർക്കറ്റിന്റെ നിർമ്മാണം. തറയിൽ ആന്റി സ്‌കിഡ് ഇൻഡസ്ട്രിയൽ ടൈലുകളാണ് പാകിയിട്ടുളളത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ടോയ്‌ലറ്റുകൾ, വാഷ് ഏരിയ എന്നിവയും മാർക്കറ്റിലുണ്ടാവും.
.....................................
'' ഗുണമേന്മയുള്ള മത്സ്യം ശുചിത്വമുളള പശ്ചാത്തലത്തിൽ ന്യായമായ വിലയ്ക്ക് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കും. മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽ വർദ്ധനവ് വരുത്തുക, പ്രദേശത്തെ മത്സ്യ വിപണനം വിപുലീകരിക്കുക എന്ന ഉദ്ദേശത്തോടെ എല്ലാ ആധുനിക സൗകര്യങ്ങളും മാർക്കറ്റിലുണ്ടാകും.
അഡ്വ ടി സക്കീർ ഹുസൈൻ, പത്തനംതിട്ട
നഗരസഭ ചെയർമാൻ