
കോഴഞ്ചേരി: വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിനുള്ള ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഹിന്ദുമത പരിഷത്തുമായി ബന്ധപ്പെട്ട സർക്കാർ ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് ചെറുകോൽപ്പുഴ വിദ്യാധിരാജ മന്ദിരത്തിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൺവെൻഷന് തടസമുണ്ടാകാത്ത രീതിയിൽ പമ്പയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. പരിഷത്ത് നഗറിലെ താത്കാലിക പാലത്തിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്തും. പരിസരത്തുള്ള കാടും പടർപ്പുകളും മൺപുറ്റുകളും മേജർ ഇറിഗേഷൻ നീക്കംചെയ്യും. ഡിസ്‌പെൻസറുകളുടെയും ടാപ്പുകളുടേയും എണ്ണം വർദ്ധിപ്പിക്കും. രണ്ട് ആർ.ഒ യൂണിറ്റുകളും അഞ്ച് വാട്ടർ കിയോസ്‌ക്കുകളും പരിഷത്ത് നഗറിൽ സ്ഥാപിക്കും. അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ,
അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, ദുരന്തവിഭാഗം ഡെപ്യുട്ടി കളക്ടർ ടി ജി ഗോപകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ശ്രീകാന്ത് എം ഗിരിനാഥ്, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി. എസ് നായർ, സെക്രട്ടറി എ. ആർ വിക്രമൻപിള്ള, വൈസ് പ്രസിഡന്റ് കെ. ഹരിദാസ്, റാന്നി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ വി അംബിക, പത്തനംതിട്ട സൂപ്രണ്ടിംഗ് എൻജിനീയർ ഹരികൃഷ്ണൻ, എക്‌സ്‌ക്യൂട്ടീവ് എൻജിനീയർ എസ് ജി കാർത്തിക തുടങ്ങിയവർ പങ്കെടുത്തു.