v

ആറന്മുള: ട്രാഫിക് നിയമങ്ങളിൽ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന് ഏതാനും വർഷം മുമ്പ് ആന്മുളയിൽ നിർമ്മിച്ച ട്രാഫിക് പാർക്ക് അനാഥമായി. ആറന്മുളയിൽ പമ്പാനദിയുടെ തീരത്തുള്ള പൊലീസ് ക്വാർട്ടേഴ്‌സിനു സമീപം 90 സെന്റ് സ്ഥലത്ത് ആഭ്യന്തര വകുപ്പും സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയും ചേർന്നാണ് പാർക്ക് ഒരുക്കിയത്.
ട്രാഫിക് സിഗ്നലുകൾ, വിവിധ എംബ്ലങ്ങൾ, ദിശാ സൂചികാ ബോർഡുകൾ, ബോധവത്കരണ ഉപകരണങ്ങൾ എന്നിവ സ്ഥാപിച്ച് മനോഹരമായ പാർക്കാണ് അന്ന് നിർമ്മിച്ചത്.

സ്‌കൂൾ വിദ്യാർത്ഥികളെ ഇവിടെ എത്തിച്ച് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സ്റ്രുഡന്റ്സ് പൊലീസ് കേഡറ്റിന്റെയും അദ്ധ്യാപകരുടെയും സഹായത്തോടെ അപകടരഹിതവും അനായാസവുമായ ഡ്രൈവിംഗ് രീതികളിൽ ബോധവത്കരണം നടത്തുകയായിരുന്നു ലക്ഷ്യം. തുടക്കത്തിൽ ഏതാനും വിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾ ഇവിടെയെത്തി സന്ദർശനം നടത്തിയതൊഴിച്ചാൽ പിന്നീട് കാര്യമായ ശ്രദ്ധയും പരിചരണവും ലഭിച്ചില്ല. ഉപകരണങ്ങൾ നശിക്കാതിരിക്കാൻ ഏതാനും തവണ ചായം പൂശിയതൊഴിച്ചാൽ മറ്റ് കാര്യമായ ശ്രദ്ധ പാർക്കിന് അധികൃതർ നൽകുന്നില്ല.ചെറു പ്രായത്തിൽതന്നെ വിദ്യാർത്ഥികളിൽ ട്രാഫിക് സംസ്കാരം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. എന്നാൽ വേണ്ട രീതിയിൽ പാർക്കിന്റെ പ്രവർത്തനം മുന്നോട്ടുപോയില്ല.

റവന്യു വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് പാർക്ക്. ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽ പൊലീസ് സുരക്ഷാ ഫണ്ടിൽ നിന്ന് 5 ലക്ഷം ചെലവിലായിരുന്നു നിർമ്മാണം. അപകടങ്ങൾക്ക് തടയിടാനും മികച്ച ട്രാഫിക് സംസ്‌കാരം വളർത്തിയെടുക്കാനും രൂപീകരിക്കുന്ന അക്രഡിറ്റഡ് ഡ്രൈവിംഗ് സ്‌കൂളുകൾക്ക് സഹായകരമാകുന്ന രീതിയിലേക്ക് ഇവിടുത്തെ ട്രാഫിക് പാർക്കിനെയും മാറ്റിയെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു.

അവഗണിച്ച് അധികൃതർ

പാർക്ക് തുടങ്ങിയപ്പോൾ ബോധവത്കരണ ക്ളാസുകളും മറ്റും ഇവിടെ നടന്നിരുന്നു. പിന്നീട് ബന്ധപ്പെട്ടവർ തിരിഞ്ഞുനോക്കാതായി. പ്രവർത്തനം നിലച്ചതോടെ പാർക്ക് കൂടുമൂടിയ നിലയിലായി

---------------

പാ‌ർക്ക് 90 സെന്റ് സ്ഥലത്ത്

നിർമ്മാണം 5 ലക്ഷം രൂപ ചെലവിൽ

-----------------------

കാടുമൂടിക്കിടന്ന ട്രാഫിക്ക് പാർക്ക് ആറന്മുള എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ സഹായത്തോടെ വൃത്തിയാക്കിയിരുന്നു. പ്രവർത്തന സജ്ജമാക്കാൻ അധികൃതരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.

അനിലാ സുനിൽ

ബ്ലോക്ക് പഞ്ചായത്ത് അംഗം