 
അടൂർ : സംസ്ഥാനത്തെ എല്ലാ ആദിവാസി ഊരുകളിലെ വീടുകളിലും ഈ സാമ്പത്തിക വർഷത്തിൽ വൈദ്യുതി എത്തിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. അടൂർ, ഏനാത്ത് 110 കെവി സബ്‌സ്റ്റേഷനുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ആദ്യമായി സമ്പൂർണ വൈദ്യുതീകരണം 2017 ൽ പൂർത്തിയാക്കാൻ കേരളത്തിന് കഴിഞ്ഞു. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാനത്തെ വനാന്തരങ്ങളിലെ ആദിവാസി ഊരുകളിൽ വൈദ്യുതിയെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നത്. പട്ടികജാതി പട്ടികവർഗക്കാർ ഉൾപ്പെടുന്ന കോളനികളിൽ താമസിക്കുന്നവർക്കായി ഒരു ഹരിതോർജ്ജ വരുമാന പദ്ധതിയും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് ഏഴര വർഷംകൊണ്ട് 98 സബ്‌സ്റ്റേഷനുകൾ പൂർത്തിയാക്കാൻ കഴിഞ്ഞു. പള്ളിവാസൽ ജലവൈദ്യുതിപദ്ധതിയുൾപ്പടെ 211മെഗാ വാട്ട് ശേഷിയുള്ള ജല വൈദ്യുതി പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ സിസ്റ്റം ഓപ്പറേഷൻ ആൻഡ് പ്ലാനിങ് ഡയറക്ടർ സജീവ് പൗലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻപിള്ള, അടൂർ നഗരസഭ വൈസ് ചെയർപേഴ്സൺ രാജി ചെറിയാൻ, ജില്ലാ പഞ്ചായത്തഗം സി കൃഷ്ണകുമാർ, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വിഎസ് ആശ, വൈസ് പ്രസിഡന്റ് അഡ്വ. ആർ ജയൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. എ താജുദ്ധീൻ, രാധാമണി ഹരികുമാർ, കെഎസ്ഇബി ലിമിറ്റഡ് ചെയർമാൻ ഡോ. രാജൻ എൻ ഖോബ്രഗഡെ, ത്രിതല പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.