
മല്ലപ്പള്ളി : മല്ലപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പുതിയ ടോയ്ലറ്റ് നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. പക്ഷേ പണി തുടങ്ങിയില്ല, മോശം ചുറ്റുപാടുകളുള്ള നിലവിലുള്ള ടോയ്ലറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റേണ്ട ഗതികേടിലാണ് പൊതുജനങ്ങൾ. ശുചിത്വ മിഷനിൽ നിന്ന് 34 ലക്ഷം രൂപചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിക്കാനായിരുന്നു പദ്ധതി.ഒരു നിലയുള്ള കെട്ടിടത്തിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ രീതിയിലുള്ള ടോയ് ലറ്റിനും പദ്ധതിയുണ്ടായിരുന്നു.ഫീഡിങ് മുറിയും ലഘു ഭക്ഷണശാലയും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് വിഭാവനം ചെയ്തത്. നിലവിലുള്ള ടോയ്ലറ്റിനോട് ചേർന്നാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലം കണ്ടെത്തിയത്. 785 ചതുരശ്രയടി വിസ്തീർണ്ണമുള്ള കെട്ടിടം ഹാബിറ്റാറ്റിന്റെ രൂപകല്പനയിൽ നിർമ്മിക്കുമെന്നായിരുന്നു പ്രഖ്യാപനം. വിമാനത്താവളത്തിലേതിന് സമാനമായ ടോയ്ലറ്റ് നിർമ്മിക്കുന്നതിന് 2016- 17 ൽ 1.17 കോടി രൂപ വകയിരുത്തിയെങ്കിലും അതും നടപ്പിലായില്ല. ഇതിന് 2019 ൽ ഭരണാനുമതിയും ലഭിച്ചിരുന്നു. കെട്ടിടസമുച്ചയം നിർമ്മിക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്തോട് ചേർന്നുണ്ടായിരുന്ന വ്യാപാരസ്ഥാപനങ്ങൾ ഒഴിപ്പിച്ചതിനു ശേഷം മണ്ണിന്റെ ഉറപ്പു പരിശോധനയും നടത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ സ്ഥാപിച്ച ഇ- ടോയ്‌ലറ്റും നോക്കുകുത്തിയായി കിടക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. പദ്ധതികൾ പലത് വിഭാവനം ചെയ്തിട്ടും അസൗകര്യങ്ങളും ദുർഗന്ധവും നിറഞ്ഞ പഴയ ടോയ്ലറ്റ് തന്നെയാണ് ഇപ്പോഴും യാത്രക്കാർക്ക് ആശ്രയം.
ബസ് സ്റ്റാൻഡിലെ ടോയ്‌ലറ്റ് അറപ്പുളവാക്കുന്ന തരത്തിലുള്ളതാണ്. മാലിന്യവും രൂക്ഷഗന്ധവുമാണ്. അകത്തേക്ക് പ്രവേശിക്കാൻ കഴിയില്ല. അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണം.
രാജു. എം.ജി
യത്രക്കാരൻ