
കോന്നി: ഇക്കോ ടുറിസം സെന്ററിൽ എത്തുന്ന സന്ദർശകർക്ക് പ്രിയപ്പെട്ടവനാണ് 12 വയസുള്ള കൃഷ്ണ എന്ന കൊമ്പൻ. കോന്നി ആനത്താവളത്തിലെ തലയെടുപ്പുള്ള കൊമ്പൻമാരായ കൊച്ചയ്യപ്പൻ, ബാലകൃഷ്ണൻ, രഞ്ജി, സുരേന്ദ്രൻ എന്നിവരുടെ പിൻഗാമിയായി കൃഷ്ണ മാറുമെന്ന് ആനപ്രേമികൾ പറയുന്നു. തിരുവനന്തപുരത്തെ വനത്തിൽ പിറന്ന് അവിടെ നിന്ന് കോന്നിയിൽ എത്തി ചിട്ടവട്ടങ്ങൾ പഠിച്ചതാണ് കൃഷ്ണ . ചെറുപ്രായത്തിൽ തന്നെ വളഞ്ഞ് മേലോട്ടെടുത്ത കൊമ്പുകളും കരിവീട്ടിയുടെ നിറവും, തിളക്കമുള്ള കണ്ണുകളുമുണ്ട്, 2014 ഒക്ടോബർ 27നാണ് കുട്ടിക്കൊമ്പൻ കൃഷ്ണയെയും ഒരു പിടിയാനയെയും കോന്നിയിലെത്തിക്കുന്നത്. തിരുവനന്തപുരം നെടുമങ്ങാട് സെറ്റിൽമെന്റ് കോളനിയിൽ നിന്നാണ് ഇവയെ പിടികൂടിയത്. കോളനിയിലെത്തി ജനജീവിതത്തിനു ഭീഷണിയായപ്പോഴാണ് ഇവയെ പിടികൂടിയത്. 1977ൽ സർക്കാർ ആനപിടിത്തം നിരോധിച്ചതാണെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്തായിരുന്നു തീരുമാനം. ആനകളെ കോന്നിയിൽ എത്തിച്ചെങ്കിലും കാട്ടിൽ വച്ച് മുറിവേറ്റിരുന്ന പിടിയാനയെ രക്ഷപ്പെടുത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. പിടിയാന ചരിഞ്ഞു. ഷംസുദീൻ എന്ന പാപ്പാനാണ് കൃഷ്ണയെ ചട്ടങ്ങൾ പഠിപ്പിച്ചത്. കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി. പുകഴേന്തിയാണ് കുട്ടികൊമ്പന് കൃഷ്ണയെന്നു പേരിട്ടത്. ഇപ്പോൾ കൃഷ്ണയുടെ ഒന്നാം പാപ്പാൻ അജീഷും രണ്ടാം പാപ്പാൻ അഖിലുമാണ്.